അയ്യങ്കുന്നിൽ പുഴ ശുചീകരണം ആരംഭിച്ചു

0 342

അയ്യങ്കുന്നിൽ പുഴ ശുചീകരണം ആരംഭിച്ചു

ഇരിട്ടി : ശുചീകരണത്തിന്റെ മറവിൽ മണൽ കടത്തും തുടർന്ന് നടന്ന പ്രതിഷേധങ്ങളും മൂലം നിലച്ച പുഴകൾ ശുചീകരിക്കുന്ന പ്രവർത്തി വീണ്ടും ആരംഭിച്ചു. അയ്യങ്കുന്ന്‌ മേഖലയിലെ ബാരാപ്പോൾ പുഴയിലാണ് പ്രവർത്തി ആരംഭിച്ചത്. കാലവർഷം ശക്തിപ്പെടുന്നതിനു മുൻപ് കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞ ചെളിയും, എക്കൽ മണ്ണും, മരങ്ങളും നീക്കി പുഴയിലെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തിയാണ് നടക്കുന്നത്.
ഇത് സംബന്ധിച്ച് കഴിഞ്ഞ 29 ന് കളക്ടർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പഞ്ചായത്ത് തല സമിതി മേഖലയിൽ പുഴ ശുചീകരിക്കേണ്ട സ്ഥലങ്ങൾ നിർണ്ണയിക്കുകയും ആ ഭാഗത്ത് അടിയന്തിരമായി പ്രവർത്തി നടത്തുകയും ചെയ്യണം . വരുന്ന അഞ്ചാം തീയതിക്ക് മുൻപ് പ്രവർത്തി പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ അടക്കം സ്വീകരിക്കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
ഇതിനെത്തുടർന്ന് പഞ്ചായത്ത് തല സമിതി ചേരുകയും തിങ്കളാഴ്ച തന്നെ പ്രവർത്തി ആരംഭിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിനായി മേഖലയിലെ ജെ സി ബി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സഹായം തേടാനും നിർദ്ദേശിച്ചിരുന്നു. തുടർന്ന് മേഖലയിലെ ക്വാറികളുടെ ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെഅടക്കം സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ജോലിയിൽ ഏർപ്പെടുന്ന മണ്ണുമാന്തി എന്ത്രങ്ങൾക്ക് അതാത് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും ഇന്ധനം അടിച്ചു നൽകും. പുഴ യുടെ ഒഴുക്ക് സുഗമമാക്കുന്ന രീതിയിൽ ഇതിലെ മാലിന്യങ്ങൾ ഇരു വശങ്ങളിലുമായി മാറ്റിയിടും. പ്രവർത്തി സമയത്ത് മണൽ ലഭിക്കുകയാണെങ്കിൽ അത് പഞ്ചായത്തിന്റെ അധീനതയിലുള്ള മൈതാനിയിലേക്ക് മാറ്റും. മണലിന്റെ വിൽപ്പന എങ്ങിനെ വേണമെന്ന് പിന്നീട് കളക്ടർ തീരുമാനിക്കും.
അതേസമയം അയ്യങ്കുന്ന്‌ പഞ്ചായത്ത് ഒഴികെ പായം, ആറളം, മുഴക്കുന്ന് പഞ്ചായത്തുകളുടെ അധീനതയിൽ പെടുന്ന പുഴകളിൽ ശുചീകരണ പ്രവർത്തി ഇതുവരെ ആരംഭിച്ചിട്ടുമില്ല. ഇവിടെ ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ട പഞ്ചായത്ത് തല സമിതികൾ ഇതുവരെ കൂടിയിട്ടില്ല എന്നാണ് അറിയുന്നത്.