പേര്യ – നിരവില്‍പ്പുഴ റോഡ് നവീകരണം തുടങ്ങി

0 262

 


പേര്യ: വികസനസ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി പേര്യ – ഇരുമനത്തൂര്‍ – കുഞ്ഞോം – നിരവില്‍പ്പുഴ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പേര്യ ടൗണിനെയും നിരവില്‍പ്പുഴ ടൗണിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ നവീകരണത്തിന് ഒമ്ബതുകോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

റോഡിലെ നിലവിലുള്ള കയറ്റിറക്കങ്ങള്‍ പരമാവധി കുറച്ച്‌ വീതികൂട്ടിയാണ് ടാറിങ് നടത്തുന്നത്. കലുങ്കുകളുടെ നിര്‍മാണപ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഈ റോഡ് വികസനത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രദേശവാസികള്‍ കാണുന്നത്. റോഡ് നിലവില്‍ വലിയ വളവുകളുള്ളതും ഇടുങ്ങിയതുമാണ്.

റോഡ് നവീകരണത്തോടെ ഈസ്ഥിതിമാറും. ഇപ്പോള്‍ നിരവില്‍പ്പുഴ വഴി കുഞ്ഞോംവരെയും പേര്യ വഴി ഇരുമനത്തൂര്‍വരെയും മാത്രമാണ് ബസ്‌സര്‍വീസ് ഉള്ളത്. ഇതിനിടയിലുള്ള ഏഴുകിലോമീറ്റര്‍ദൂരം യാത്രാക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളാണ്.

വനത്തോടുചേര്‍ന്നുള്ള ചുരുളി, പാമ്ബള്ള തുടങ്ങിയ പ്രദേശങ്ങള്‍ വികസനപ്രവര്‍ത്തനങ്ങള്‍ കാര്യമായി എത്താത്ത മേഖലയാണ്. വികസനത്തില്‍ ഏറെ പിന്നാക്കംനില്‍ക്കുന്ന നിരവധി ആദിവാസി കോളനികളും ഇവിടങ്ങളില്‍ ഉണ്ട്. റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ ഇതിന് മാറ്റംവരുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.

മാത്രമല്ല പേര്യഭാഗത്തുനിന്നുള്ളവര്‍ക്ക് മാനന്തവാടി വഴി ചുറ്റിക്കറങ്ങാതെ എളുപ്പത്തില്‍ കുറ്റ്യാടി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും എത്താന്‍ ഈ റോഡ് സഹായിക്കും. ഒപ്പം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്കും ഈ റോഡ് നവീകരിച്ചാല്‍ ഗുണകരമാകും.

അതേസമയം റോഡ് നവീകരണപ്രവൃത്തികള്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൊടിശല്യംകാരണം ഇതുവഴി യാത്രചെയ്യാന്‍ പ്രയാസകരമാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ചില സാങ്കേതികതടസ്സങ്ങള്‍ കാരണമാണ് നവീകരണപ്രവൃത്തികള്‍ മന്ദഗതിയിലായതെന്ന്

തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് അംഗം ബെന്നി ആന്‍റണി പറഞ്ഞു. ഇത് പരിഹരിച്ച്‌ പ്രവൃത്തികള്‍ എത്രയുംവേഗം പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.