രാജ്യത്ത് റോഡപകടത്തില്‍ ഓരോ മണിക്കൂറിലും മരിക്കുന്നത് 17 പേര്‍; മിക്ക അപകടങ്ങളും അതീവ അപകടമേഖലയായി കണ്ടെത്തിയ 789 കേന്ദ്രങ്ങളില്‍

0 231

രാജ്യത്ത് റോഡപകടത്തില്‍ ഓരോ മണിക്കൂറിലും മരിക്കുന്നത് 17 പേര്‍; മിക്ക അപകടങ്ങളും അതീവ അപകടമേഖലയായി കണ്ടെത്തിയ 789 കേന്ദ്രങ്ങളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടങ്ങളില്‍ ഓരോ മണിക്കൂറിലും പൊലിയുന്നത് 17 പേര്‍. അതീവ അപകടമേഖലയായി കണ്ടെത്തിയ 789 കേന്ദ്രങ്ങളിലാണ് മരണത്തിന് കാരണമായ മിക്ക അപകടങ്ങളും ഉണ്ടാകുന്നത്. 789 അതീവ അപകടമേഖലകളില്‍ 660 സ്ഥലങ്ങള്‍ ദേശീയപാതയിലും 129 ഇടങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള റോഡുകളിലുമാണ്. 2019 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍പ്രകാരം ഇതില്‍ ദേശീയപാതയിലുള്ള 395 കേന്ദ്രങ്ങളില്‍ അപകടം കുറയ്ക്കുന്നതിനുള്ള നവീകരണം നടത്തി. 215 സ്ഥലങ്ങള്‍ നവീകരിക്കാനുള്ള നടപടികളും നടക്കുന്നു. ലോകബാങ്കിന്റെ സഹായത്തോടെ ഇത്തരം കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.

2018-ല്‍മാത്രം 4,67,044 അപകടങ്ങളിലായി കൊല്ലപ്പെട്ടത് 1,51,417 പേരാണ്. വാഹനമിടിച്ച്‌ 22,656 കാല്‍നടയാത്രക്കാരും റോഡിലെ കുഴി കാരണം അപകടത്തില്‍പ്പെട്ട് 2015 പേരും മരിച്ചു. കേരളത്തില്‍ 2016, 2017, 2018 വര്‍ഷങ്ങളിലായി യഥാക്രമം 1246, 1332, 1250 കാല്‍നടയാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ കാലയളവില്‍ കുഴിയില്‍വീണ് 536, 522, 63 എന്നിങ്ങനെ മരണങ്ങളും സംസ്ഥാനത്തുണ്ടായി. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) മൂന്നുശതമാനത്തോളം റോഡപകടങ്ങള്‍വഴി നഷ്ടമാവുന്നതായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിഗമനം.

അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരില്‍ ഒമ്ബതുശതമാനത്തോളംപേര്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2018-ല്‍ അപകടമുണ്ടാക്കിയ ഡ്രൈവര്‍മാരില്‍ 3,45,799 പേര്‍ക്കു മാത്രമാണ് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നത്. 23,593 പേര്‍ ലേണേഴ്സ് ലൈസന്‍സിലാണ് വാഹനം ഓടിച്ചിരുന്നത്. 37,585 പേര്‍ക്ക് ലൈസന്‍സേ ഉണ്ടായിരുന്നില്ല.