ഒഴക്രോം-കണ്ണപുരം റോഡിന്റെ പ്രവൃത്തി വീണ്ടും സ്തംഭനത്തിലേക്ക്

0 99

ഒഴക്രോം-കണ്ണപുരം റോഡിന്റെ പ്രവൃത്തി വീണ്ടും സ്തംഭനത്തിലേക്ക്

കല്യാശ്ശേരി: ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനുശേഷം തുടങ്ങിയ ഒഴക്രോം-കണ്ണപുരം റോഡിന്റെ നവീകരണപ്രവൃത്തി വീണ്ടും സ്തംഭനത്തിലേക്ക്. ഒഴക്രോത്തിനും കണ്ണപുരത്തിനും ഇടയിലെ അന്‍പതോളം വൈദ്യുതത്തൂണുകള്‍ മാറ്റാതെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കരാറുകാര്‍.

തൂണുകള്‍ മാറ്റാന്‍ വൈദ്യുതി ബോര്‍ഡിന് 90 ലക്ഷത്തോളം രൂപയാണ് അടക്കണ്ടത്. പ്രസ്തുത ഫണ്ട് ലഭിക്കാതെ തൂണുകള്‍ മാറ്റാനാവില്ലെന്ന നിലപാടിലാണ് വൈദുതി ബോര്‍ഡ്. അതിനിടയില്‍ ടാറിങ് നടത്തിയ ഭാഗത്തിനുള്ളില്‍ അപകടകരമായി സ്ഥിതിചെയ്തിരുന്ന ഒരു തൂണ്‍ മാത്രം കഴിഞ്ഞമാസം 23-ന് മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് ഈ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതോടൊപ്പം കിഫ്ബി ഫണ്ടുപയോഗിച്ച്‌ ടാറിങ്ങ് നടത്തുന്ന റോഡുകള്‍ക്കെല്ലാം പത്ത് മീറ്റര്‍ വീതി നിര്‍ബന്ധമാക്കിയതും റോഡ് പ്രവൃത്തിക്ക് തിരിച്ചടിയായിട്ടുണ്ട്.

ഒഴക്രോം മുതല്‍ കണ്ണപുരം റെയില്‍വേ ഗേറ്റ് വരെയുള്ള ഭാഗത്തെ ചിലയിടങ്ങളില്‍ ഇപ്പോഴും പത്ത് മീറ്റര്‍ വീതിയില്ല. അഞ്ചാംപീടിക, കണ്ണപുരം മൊട്ടമ്മല്‍ മുതല്‍ റെയില്‍വേഗേറ്റ് വരെയുള്ള ഭാഗത്തും വീതിയുടെ പ്രശ്നം ഇനിയും പരിഹരിച്ചിട്ടില്ല. റോഡ് കടന്നുപോകുന്ന പ്രദേശത്തെ തദ്ദേശ ഭരണാധികാരികളാണ് സ്ഥലത്തിന്റെ പ്രശ്നം പരിഹരിച്ച്‌ പ്രവൃത്തി സുഗമമാക്കണ്ടത്. എന്നാല്‍ ഇനിയും അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നത് റോഡ് പണിയുടെ സ്തംഭനത്തിന് ആക്കംകൂട്ടിയിട്ടുണ്ട്.