കൊറോണ താങ്ങായി; ജയില്‍മോചിതനായി റൊണാള്‍ഡീന്യോ

കൊറോണ താങ്ങായി; ജയില്‍മോചിതനായി റൊണാള്‍ഡീന്യോ

0 186

കൊറോണ താങ്ങായി; ജയില്‍മോചിതനായി റൊണാള്‍ഡീന്യോ

രാജ്യത്ത് കോവിഡ് 19 പിടിമുറുക്കുന്നതിനിടെ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായ ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം റൊണാള്‍ഡീന്യോയെ ജയില്‍മോചിതമാക്കി പരാഗ്വ. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഒരുമാസത്തിലേറെയായി പരാഗ്വയില്‍ അറസ്റ്റിലായ റൊണാള്‍ഡീന്യോയേയും സഹോദരനേയും ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ പരാഗ്വ കോടതി അനുമതി നല്‍കിയത്.

കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി വീഡിയോകോള്‍ വഴിയായിരുന്നു കോടതി വിസ്താരം. 32 രണ്ട് ദിവസത്തെ പൊലീസ് തടങ്കലിന് ശേഷമാണ് ലോക ഫുട്ബോള്‍ താരത്തിന് താല്‍കാലിക ആശ്വാസം ലഭിച്ചിരിക്കുന്നത്. അസുസിയോനിലെ ഹോട്ടല്‍ മുറികളിലേക്കായിരിക്കും റൊണാള്‍ഡീന്യോയേയും സഹോദരനേയും മാറ്റുക. 1.6 മില്യണ്‍ ഡോളര്‍ നല്‍കിയാണ് ബ്രസീലിയന്‍ ലോകകപ്പ് ജേതാവിനെയും സഹോദരനെയും ജയിലില്‍ നിന്ന് മോചിപ്പിച്ചത്. കേസ് അവസാനിക്കുന്നതുവരെ അവര്‍ പരാഗ്വേ ഹോട്ടലില്‍ വീട്ടുതടങ്കലില്‍ തുടരും.

നേരത്തെ, ജയില്‍ വാസത്തിനിടെ താരത്തെ കാണാന്‍ എത്തുന്നവര്‍ക്ക് കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വിലക്ക് ഏര്‍പ്പെടുത്തിരുന്നു. സഹതടവുകാര്‍ക്കും മറ്റും ഓട്ടോഗ്രാഫ് നല്‍കിയതിനെ തുടര്‍ന്ന് താരത്തിന് കോവിഡ് 19 ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. കോറോണ വ്യാപനത്തിനിടെ ലോകത്താകമാനം നിരവധി തടവുകാരെയാണ് ഇതിനകം വിവിധ രാജ്യങ്ങള്‍ മോചിപ്പിച്ചിരിക്കുന്നത്.

മാര്‍ച്ച് നാലിന് പരാഗ്വയിലെത്തിയ റൊണാള്‍ഡീന്യോയേയും സഹോദരനേയും വ്യാജ പാസ്‌പോര്‍ട്ട് കൈവശം വെച്ചെന്ന കുറ്റത്തിന് മണിക്കൂറുകള്‍ക്കകം അറസ്റ്റു ചെയ്യുകയായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പുസ്തകത്തിന്റെ പ്രചാരണത്തിനുമായാണ് റൊണാള്‍ഡീന്യോ പരാഗ്വെയിലെത്തിയത്.

വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യത്തേക്ക് അതിക്രമിച്ച് കയറുകയെന്നത് പരാഗ്വെയില്‍ ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷം കോടതിയില്‍ ഹാജരാക്കിയ റൊണാള്‍ഡീന്യോക്കും സഹോദരനും പരാഗ്വെ കോടതി ജയില്‍വാസം വിധിക്കുകയായിരുന്നു. റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ജാമ്യാപേക്ഷ ഒരു തവണ തള്ളിയിരുന്നു. എന്നാല്‍ അറസ്റ്റിനേയും ജയില്‍വാസത്തേയും ചിരിയിലൂടെയാണ് താരം വരവേറ്റത്. പരാഗ്വയില്‍ തടവിലായ റൊണാള്‍ഡീന്യോ ജയിലില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.