മുംബൈ: 95-ാമത് ഓസ്കാർ നോമിനേഷനിൽ ഇടം നേടിയ രാജമൗലി ചിത്രം ആർആർആറിന് അഭിനന്ദനങ്ങളുമായി ബോളിവുഡ് താരങ്ങൾ. ആർആർആറിലെ നാട്ടു നാട്ടു പാട്ടിനാണ് ഒർജിനൽ സോങ്ങിൽ ഓസ്‌കാർ നാമനിർദേശം ലഭിച്ചത്. നടൻ അർജുൻ കപൂർ , ചലച്ചിത്ര നിർമ്മാതാവ് ഫർഹാൻ അക്തർ , തെന്നിന്ത്യൻ നടൻ ചിരഞ്ജീവി, ഗായകൻ രാഹുൽ സിപ്ലിഗഞ്ച് എന്നിവരാണ് ചിത്രത്തിന് അഭിനന്ദവുമായി എത്തിയത്.
“അവരുടെ നൃത്തവിപ്ലവം ലോകമെമ്പാടും തീപോലെ പടർന്നുകൊണ്ടേയിരിക്കുന്നു. ഇതിലും വലുതായി ഇനിയൊന്നും നേടാനില്ല” എന്നാണ് അർജുൻ കപൂർ തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
‘നാട്ടു നാട്ടു’ മികച്ച ഒറിജിനൽ സോങ്ങിൽ ഓസ്‌കാർ നാമനിർദേശം ചെയ്യപ്പെട്ടതിൽ ആവേശഭരിതനാണെന്നാണ് ഫർഹാൻ അക്തർ കുറിച്ചത്.
“സിനിമാറ്റിക് ഗ്ലോറിയുടെ നെറുകയിൽ നിന്ന് ഒരു ചുവട് !!! മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കാർ നാമനിർദ്ദേശത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ’ എന്നാണ് തെന്നിന്ത്യൻ താരം ചിരഞ്ജീവി ട്വീറ്റ് ചെയ്തത്. ‘നാട്ടു നാട്ടു’ ഗായകരിൽ ഒരാളായ രാഹുൽ സിപ്ലിഗഞ്ച് ട്വീറ്റ് ചെയ്തത്, ‘നാട്ടു നാട്ടു’ ഗാനം ഓസ്‌കാറിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു, ടീമിന് അഭിനന്ദനങ്ങൾ എന്നാണ്.
‘ആർആർആർ’ കൂടാതെ, ‘ഓൾ ദാറ്റ് ബ്രീത്ത്’ എന്ന ഇന്ത്യൻ ഡോക്യുമെന്ററിയും ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ എന്ന ഹ്രസ്വ ഡോക്യുമെന്ററിയും ‘ഡോക്യുമെന്ററി ഫീച്ചർ ഫിലിം’, ‘ഡോക്യുമെന്ററി ഷോർട്ട് ഫിലിം’ വിഭാഗങ്ങളിൽ ഓസ്‌കാർ 2023 നോമിനേഷനുകൾ നേടി.
നേരത്തെ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നാട്ടു നാട്ടു നേടിയിരുന്നു. ഇതേ വിഭാഗത്തിൽ ക്രിട്ടിക്സ് ചോയ്സ് അവാർഡും ഈ ഗാനത്തിന് ലഭിച്ചു. ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡിൽ ‘മികച്ച വിദേശ ഭാഷാ ചിത്രം’ എന്ന പുരസ്‌കാരവും ചിത്രം സ്വന്തമാക്കി.
ചന്ദ്രബോസിന്‍റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്‍റെയും ജൂനിയര്‍ എന്‍.ടി.ആറിന്‍റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.