‘സഹല്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍’

0 1,682

‘സഹല്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍’

ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ ഫുട്‍ബോള്‍ ആരാധകര്‍ക്കിടയില്‍ ഏറെ പരിചിതമായ പേരാണ് സഹല്‍ അബ്ദുല്‍ സമദ്. ഇരുപത്തിമൂന്നുകാരനായ ഈ മിഡ്ഫീല്‍ഡര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് എന്നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ കിബൂ വികൂന പറയുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്‍സ്റ്റാഗ്രാം ലൈവില്‍ ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍.

“സഹല്‍ മികച്ച താരമാണ്. ഞാന്‍ കണ്ട മികച്ച ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍. ഇത്തരത്തിലുള്ള താരങ്ങളെ എനിക്കിഷ്ടമാണ്. സഹലിന് ഇനിയും ഒരുപാട് വളരുവാന്‍ സാധിക്കും. അതിനുള്ള സാഹചര്യമാണ് നമ്മള്‍ ഒരുക്കേണ്ടത്,” സ്പാനിഷുകാരനായ പരിശീലകന്‍ പറഞ്ഞു.
ടീമിലെ മറ്റൊരു മലയാളി താരമായ രാഹുല്‍ കെപിയെയും വികൂന പ്രശംസിച്ചു. “രാഹുല്‍ മികച്ച താരമാണ്. ഇന്ത്യന്‍ ആരോസില്‍ കളിക്കുമ്ബോള്‍ മോഹന്‍ ബഗാനെതിരെ നല്‍കിയ ഒരു അസിസ്റ്റ് ഞാന്‍ ഓര്‍ക്കുന്നു. രാഹുലിനെ സൈന്‍ ചെയ്യാന്‍ പറ്റുമോ എന്ന് ഞാന്‍ അന്നേ തിരക്കിയിരുന്നു,” മോഹന്‍ ബഗാന്‍ പരിശീലകനായിരുന്ന 48കാരന്‍ പറഞ്ഞു.

കഴിഞ്ഞ സീസണിലാണ് വികൂന ഇന്ത്യയിലെത്തുന്നത്. മോഹന്‍ ബഗാനൊപ്പമുള്ള ആദ്യ സീസണില്‍ തന്നെ ഐ ലീഗ് കിരീടം നേടി. ഐഎസ്‌എല്‍ അരങ്ങേറ്റത്തിലും വികൂന തിളങ്ങുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ. വിക്കൂനയെ മുഖ്യ പരിശീലകനായി നിയമിക്കുന്നതോടൊപ്പം ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സംഘത്തെയും അഴിച്ചുപണിതിരുന്നു.