സാഹസികപ്രിയരേ ഇതിലേ… കാരാപ്പുഴ വിളിക്കുന്നു
അമ്ബലവയല്‍: കാരാപ്പുഴയില്‍ പുതുതായി ഒരുക്കിയ അഞ്ച് സാഹസിക റൈഡുകളുടെ ഉദ്ഘാടനം ഞായറാഴ്ച. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമേറിയ സ്വിപ്പ് ലൈന്‍ അടക്കമുള്ളവയാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. വൈകീട്ട് നാലിന് കാരാപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. റൈഡുകള്‍ ഉദ്ഘാടനം ചെയ്യും.
നാഷണല്‍ അഡ്‌വെഞ്ചര്‍ ഫൗണ്ടേഷനും കാരാപ്പുഴ ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയും ചേര്‍ന്നാണ് സാഹസിക വിനോദങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ലൈനുകളിലായി രണ്ടുപേര്‍ക്ക് ഒരേസമയം പോകാവുന്ന സ്വിപ്പ് ലൈനാണ് ഏറ്റവും ആകര്‍ഷണം. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമേറിയ സ്വിപ്പ് ലൈനാണ് ഇത്. അണക്കെട്ടിന് സമാന്തരമായി ഒരുക്കിയിരിക്കുന്ന സ്വിപ്പ് ലൈനിലൂടെയുള്ള യാത്ര സന്ദര്‍ശകരുടെ മനം കവരും.
കേരളത്തിലാദ്യമായി എത്തുന്ന ഹ്യൂമന്‍ സ്ലിങ് ഷോട്ടും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയമുള്ളതാകും. ഹ്യൂമന്‍ ഗൈറോ, ട്രമ്ബോളിന്‍ പാര്‍ക്ക്, ബഞ്ചി ട്രമ്ബോളിന്‍ എന്നിവയും പ്രായഭേദമെന്യേ എല്ലാവര്‍ക്കും ആസ്വദിക്കാവുന്നതാണ്. പ്രവേശന ടിക്കറ്റും സാഹസിക റൈഡുകളുമടക്കം മുതിര്‍ന്നവര്‍ക്ക് 800 രൂപ ചെലവില്‍ കാരാപ്പുഴയിലെ മുഴുവന്‍ വിനോദങ്ങളിലും പങ്കെടുക്കാം.