കോള്‍ സെന്ററില്‍ സംഗീതമഴയായി സജിലി സലീം

0 551

കോള്‍ സെന്ററില്‍ സംഗീതമഴയായി സജിലി സലീം

ജില്ലാ  പഞ്ചായത്ത് കോള്‍ സെന്ററില്‍ വളണ്ടിയറായി പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും കണ്ണൂര്‍ സലീമിന്റെ മകളുമായ സജിലി സലീമെത്തിയപ്പോള്‍ അന്തരീക്ഷമാകെ സംഗീത സാന്ദ്രമായി. ‘ഹൃദയരാഗ തന്ത്രികള്‍ മീട്ടി… സ്‌നേഹ ഗീതമേകിയും’ സജിലി പാടി തുടങ്ങിയപ്പോള്‍ ദിവസങ്ങളായി കോള്‍ സെന്ററില്‍ സേവനമനുഷ്ഠിച്ചിരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അത് അവേശമായി. ലോക് ഡൗണ്‍ കാലത്തെ കോള്‍സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളിലൂടെയറിഞ്ഞ സജിലിയും വളണ്ടിയറാകാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുന്നതിനൊപ്പം  അവരോട് വിശേഷങ്ങള്‍ തിരക്കാനും സജിലി മറന്നില്ല.
ലോക് ഡൗണ്‍ സമയത്ത് പലര്‍ക്കും അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാറില്ല. അങ്ങനെയൊരു അവസ്ഥയില്‍ ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും നടത്തി വരുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് ഭാഗ്യമായി കരുതുന്നുവെന്നും സജിലി പറഞ്ഞു. ലോക് ഡൗണ്‍ പലര്‍ക്കും അവനവനെ തന്നെ തിരിച്ചറിയാന്‍ ലഭിച്ച അവസരമാണ്. പലര്‍ക്കും  തന്റെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തെടുക്കാന്‍ കഴിഞ്ഞെന്നും തന്റെ ലോക് ഡൗണ്‍ കാലം സംഗീതത്തിനായി മാറ്റി വെച്ചിരിക്കുകയാണെന്നും സജിലി കൂട്ടിച്ചേര്‍ത്തു.   ഫോണ്‍ കോളുകളെടുക്കാന്‍ 14 പേരും സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് 20 പേരുമുള്‍പ്പെടെ 34 സന്നദ്ധ പ്രവര്‍ത്തകരാണ് കോള്‍ സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട്  പി പി ദിവ്യ, ജില്ലാ പഞ്ചായത്ത്  അംഗം അജിത് മാട്ടൂല്‍, സംസ്ഥാന സ്പോട്സ് കൗസില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ഫുട്‌ബോള്‍ താരം സി കെ വിനീത്, ഇന്ത്യന്‍ ടീമിന്റെയും ഗോകുലം എഫ് സിയുടെയും പരിശീലകയായ പി വി പ്രിയ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ എന്നിവരും കോള്‍ സെന്ററില്‍ എത്തിയിരുന്നു.