ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളില്‍ രോഗനിര്‍ണയത്തിന് ഏറ്റവും എളുപ്പവും ഫലപ്രദവും ഉമിനീര്‍ സാംപിള്‍ 

0 479

ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളില്‍ രോഗനിര്‍ണയത്തിന് ഏറ്റവും എളുപ്പവും ഫലപ്രദവും ഉമിനീര്‍ സാംപിള്‍ 

 

ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളില്‍ രോഗനിര്‍ണയത്തിന് ഏറ്റവും എളുപ്പവും ഫലപ്രദവും സ്വയം ശേഖരിക്കുന്ന ഉമിനീര്‍ സാംപിള്‍ അടിസ്ഥാനമാക്കിയുള്ള ദ്രുത പരിശോധനയാണെന്ന് പഠനങ്ങള്‍.

മൂക്കിനുള്‍വശത്ത് നിന്നോ തൊണ്ടയില്‍ നിന്നോ സ്രവം എടുത്തുള്ള നേസോഫാരിഞ്ചല്‍ സ്വാബ് ടെസ്റ്റിനെ അപേക്ഷിച്ച് ഉമിനീര്‍ പരിശോധന വേദനയില്ലാത്തതും പരിശോധകരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുന്നതുമാണെന്ന് ജപ്പാനിലെ ഹൊക്കൈഡോ സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

ജപ്പാനിലെ 2000 ഓളം പേരുടെ നേസോഫാരിഞ്ചല്‍ സ്രവവും ഉമിനീര്‍ സാംപിളുകളും പരിശോധിച്ച്, താരതമ്യം ചെയ്ത് നടത്തിയ പഠനത്തിന്റെ ഫലം ക്ലിനിക്കല്‍ ഇന്‍ഫെക്‌ഷ്യസ് ഡിസീസസ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുടെ വേഗത്തിലുള്ള രോഗനിര്‍ണയം സമൂഹത്തിലും ആശുപത്രികളിലും രോഗപടര്‍ച്ച തടയുന്നതില്‍ നിര്‍ണായകമാണെന്ന് ഹൊക്കൈഡോ സര്‍വകലാശാല പ്രഫസര്‍ തകനോരി തെഷിമ പറയുന്നു.

ശേഖരിച്ച സാംപിളുകളില്‍ പിസിആര്‍ പരിശോധനയും ആര്‍ടി-ലാംപ് ടെസ്റ്റും ഗവേഷകര്‍ നടത്തി. രണ്ട് പരിശോധനയിലും ഒരേ എണ്ണം പോസിറ്റീവ്, നെഗറ്റീവ് ഫലങ്ങള്‍ ലഭിച്ചു. 77 മുതല്‍ 92 ശതമാനം വരെ പേരില്‍ വൈറസ് കണ്ടെത്താന്‍ നേസോഫാരിഞ്ചല്‍ സ്വാബുകളുപയോഗിച്ച പരിശോധനയില്‍ സാധിച്ചപ്പോള്‍ ഉമിനീര്‍ സാംപിളുകള്‍ 83 മുതല്‍ 97 ശതമാനം വരെ പേരില്‍ വൈറസ് കണ്ടെത്താന്‍ സഹായിച്ചു. ഇരു സാംപിളുകളിലെയും വൈറസ് ലോഡ് സമാനമായിരുന്നു.

കായിക വേദികള്‍, എയര്‍പോര്‍ട്ടുകള്‍ തുടങ്ങി പെട്ടെന്ന് രോഗനിര്‍ണയം ആവശ്യമായ സ്ഥലങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് ഉമിനീര്‍ സാംപിളുകളാകും ഫലപ്രദമെന്ന് പഠനം ശുപാര്‍ശ ചെയ്യുന്നു.

തൊണ്ടയില്‍ കുലുക്കുഴിയുന്ന വെള്ളത്തില്‍ നിന്നാണ് ഈ പരിശോധനയ്ക്കായി ഉമിനീര്‍ സാംപിള്‍ എടുക്കുന്നത്. വേദനയില്ല, ചെലവ് കുറവാണ്, സാംപിള്‍ ശേഖരണത്തിന് പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ല തുടങ്ങിയവയെല്ലാം ഉമിനീര്‍ സാംപിള്‍ പരിശോധനയുടെ അനുകൂല ഘടകങ്ങളാണ്. അടുത്തിടെ ദോഹയിലെ സര്‍ക്കാര്‍ രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു.