പന്നിയാംമലയില്‍ സ്ഥിരമായെത്തുന്നത് ഒരേ കാട്ടാനയെന്ന് നാട്ടുകാര്‍

0 368

പന്നിയാംമലയില്‍ സ്ഥിരമായെത്തുന്നത് ഒരേ കാട്ടാനയെന്ന് നാട്ടുകാര്‍

ഫോറസ്റ്റ് ഗാര്‍ഡുമാര്‍ക്ക് നേരേയും ആക്രമണ ശ്രമം

കൊട്ടിയൂര്‍ : പന്നിയാംമല, മന്ദംചേരി, കണ്ടപ്പുനം പ്രദേശങ്ങളിലെല്ലാം സ്ഥിരമായി കാട്ടാനയെത്തിത്തുടങ്ങിയതോടെ ജനം ഭീതിയില്‍. ഒരേ കാട്ടാന തന്നെയാണ് പ്രദേശത്ത് സ്ഥിരമായെത്തി നാശംവിതയ്ക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. പന്നിയാംമലയില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട മേപ്പനാംതോട്ടത്തില്‍ ആഗസ്തിയെ ആക്രമിച്ച അതേ ആന തന്നെയാണ് പ്രദേശത്ത് നാശംവിതയ്ക്കുന്നത്.

തിങ്കളാഴ്ച ഉച്ചയോടെ പ്രദേശത്ത് കാട്ടാനയെത്തിയിരുന്നു. വൈദ്യുതവേലിയിലെ തകരാറുകള്‍ പരിഹരിച്ചിരുന്ന ഫോറസ്റ്റ് ഗാര്‍ഡുമാര്‍ക്കുനേരേ ആനയുടെ ആക്രമണശ്രമമുണ്ടായി. തുടര്‍ന്ന് വൈകീട്ടോടെ പ്രദേശവാസികള്‍ സണ്ണി ജോസഫ് എം.എല്‍.എ.യെ കണ്ട് പ്രദേശത്തെ അവസ്ഥ വിവരിച്ചു. അദ്ദേഹം വനം മന്ത്രിയടക്കമുള്ളവരുമായി ഫോണില്‍ സംസാരിച്ച്‌ പ്രശ്നത്തില്‍ ഇടപെടെണമെന്നാവശ്യപ്പെട്ടിരുന്നു. ശല്യമുണ്ടാക്കുന്ന കാട്ടാനയെ പിടികൂടി പ്രദേശത്തുനിന്ന് മാറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഏഴോടെ പന്നിയാംമലയുടെ മുകള്‍ഭാഗത്ത് കാട്ടാനയെത്തി തെങ്ങുകളുള്‍പ്പെടെ നശിപ്പിച്ചു. കാട്ടാന ആളുകള്‍ക്കുനേരേ തിരിയുന്നതും ആക്രമിക്കുന്നതുമായ സാഹചര്യമുള്ളതിനാല്‍ കശുവണ്ടി ശേഖരിക്കാന്‍പോലും പറമ്ബിലിറങ്ങാന്‍ ഭയപ്പടുകയാണെന്ന് പ്രദേശവാസിയായ സണ്ണി വേലിക്കകത്ത് പറഞ്ഞു. പ്രദേശത്ത് സ്ഥാപിച്ച വൈദ്യുതവേലികള്‍ മറിച്ചിട്ടും മറ്റുമാണ് കാട്ടാന തകര്‍ക്കുന്നത്. വൈദ്യുതവേലികളില്‍ ആനയെ തുരത്താന്‍ പര്യാപ്തമായ വൈദ്യുതി പ്രവഹിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും പ്രദേശവാസികള്‍ ആക്ഷേപമുന്നയിക്കുന്നു. ഒരു കാട്ടാനതന്നെയാണോ പ്രദേശത്ത് ശല്യമുണ്ടാക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. വൈദ്യുതവേലിയില്‍ ചാര്‍ജ് കുറവുണ്ടെന്ന ആക്ഷേപം ശരിയല്ലെന്നും അധികൃതര്‍ പറഞ്ഞു.