സംസ്ഥാനത്ത് ജി.പി.എസ് ഘടിപ്പിച്ച ടാങ്കര്‍ ലോറികളില്‍ ശുദ്ധജല വിതരണം നടത്തും;ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഈ മാസം 31 വരെ 5.5 ലക്ഷം രൂപയും ഏപ്രില്‍ 1 മുതല്‍ മേയ് 31 വരെ 11 ലക്ഷം രൂപയും വിനിയോഗിക്കാം.

0 135

സംസ്ഥാനത്ത്ത്തു ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്തും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു പ്ലാന്‍ ഫണ്ടില്‍ നിന്നു തുക വിനിയോഗിക്കാന്‍ അനുമതി നല്‍കി ഉത്തരവിറങ്ങി. ശുദ്ധജലവിതരണം സംബന്ധിച്ചു നിരീക്ഷണവും ജിപിഎസ് ട്രാക്കിങ്ങും നടത്താന്‍ ജില്ലാതല റവന്യു അധികൃതര്‍ക്കുള്ള സംവിധാനം കൂടി തദ്ദേശസ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തണം.

ജിപിഎസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും പരസ്പരം പരിശോധിച്ചു സുതാര്യത ഉറപ്പാക്കിയ ശേഷം വേണം തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ തുക ചെലവിടേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. രണ്ടാഴ്ച കൂടുമ്ബോള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തദ്ദേശ വകുപ്പിന്റെ ജില്ലാ മേധാവികള്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നല്‍കണം. ശുദ്ധജല വിതരണം സംബന്ധിച്ചു ദുരന്തനിവാരണ വകുപ്പിന്റെ നിബന്ധനകള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.

ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ ശുദ്ധജല ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങള്‍ക്കു സൗകര്യപ്രദമായ സമയത്തും ആവശ്യത്തിനനുസൃതമായും വിതരണം നടത്തണം. ചെലവഴിക്കുന്ന തുകയുടെ പൂര്‍ണമൂല്യം ഉറപ്പാക്കണം. ദുരന്തനിവാരണ വകുപ്പ് മുഖേന സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്കുകള്‍ വഴിയും തദ്ദേശ സ്ഥാപനങ്ങള്‍ക്കു ഈ ഫണ്ട് ഉപയോഗിച്ച്‌ ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ ജലവിതരണം നടത്താം.

ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഈ മാസം 31 വരെ 5.5 ലക്ഷം രൂപയും ഏപ്രില്‍ 1 മുതല്‍ മേയ് 31 വരെ 11 ലക്ഷം രൂപയും വിനിയോഗിക്കാം. നഗരസഭകള്‍ക്ക് ഈ മാസം 11 ലക്ഷം രൂപയും ഏപ്രില്‍, മേയ് മാസങ്ങളിലായി 16.5 ലക്ഷം രൂപയും ചെലവിടാം. കോര്‍പറേഷനുകള്‍ക്ക് ഇതു യഥാക്രമം 16.5 ലക്ഷം രൂപയും 22 ലക്ഷം രൂപയുമാണ്.