കണിച്ചാർ: കഴിഞ്ഞ ജനുവരി 25 ന് നടത്തിയ കണിച്ചാർ ഗ്രാമപഞ്ചായത്ത് സിഡിഎസ് തിരഞ്ഞെടുപ്പ് റദ്ദ് ചെയ്തതിനെ തുടർന്ന് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന കണിച്ചാർ ഗ്രാമപഞ്ചായത്ത് സിഡിഎസ് തിരഞ്ഞെടുപ്പിൽ സനില അനിൽകുമാർ സി.ഡി എസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 13 വോട്ടിൽ 8 വോട്ട് നേടിയാണ് സനില എതിർ സ്ഥാനാർഥിയായ വി.കെ ശ്രീകലയെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ജനുവരി 25 ന് നടത്തിയ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് റീ പോളിംഗ് നടത്തണമെന്ന് കുടുംബശ്രീ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടി ജെ അരുൺ ഇറക്കിയ ഉത്തരവിനെ തുടർന്ന് റീ പോളിംഗ് നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പിൽ സിഡിഎസ് അംഗങ്ങളെക്കൊണ്ട് ബാലറ്റ് പേപ്പറിൽ പേരെഴുതി ഒപ്പ് വച്ചത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് പഞ്ചായത്ത് ഭരണ സമിതിയിലെ 4 യു ഡി എഫ് അംഗങ്ങളും 6 സി ഡി എസ് അംഗങ്ങളും ചേർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് കുടുംബശ്രീ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഉത്തരവിറക്കിയത്.