52 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി

0 604

 52 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി

മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ ശുചിത്വ പദവിയെന്ന നേട്ടം കൈവരിക്കാനൊരുങ്ങി കണ്ണൂര്‍ ജില്ല.  ജില്ലയിലെ 38 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും ശുചിത്വ പദവി കൈവരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇതുവരെ 47 പഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും ശുചിത്വ പദവി പ്രഖ്യാപനം നടത്തി കണ്ണൂര്‍ മുന്നിലെത്തി. സംസ്ഥാനത്ത് സപ്തംബര്‍ 30 നകം 512 ഗ്രാമപഞ്ചായത്തുകളും 52 നഗരസഭകളും ഉള്‍പ്പടെ 564 തദ്ദേശ ഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിയിലെത്തിക്കാനാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ശുചിത്വത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും അടിസ്ഥാനത്തിലാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കുന്നത്. ഇതിന്റെ ആദ്യഘട്ടത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയില്‍ വിലയിരുത്തല്‍ നടത്തി ശുചിത്വ പദവി പ്രഖ്യാപനം നടത്താം. ഇങ്ങനെ പ്രഖ്യാപനം നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വിദഗ്ധ സമിതി പരിശോധിച്ച് 60 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് ശുചിത്വ പദവി നല്‍കിയിരിക്കുന്നത്
തദ്ദേശ സ്ഥാപന പരിധിയില്‍ മാലിന്യപരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായയുള്ള ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം, യൂസര്‍ ഫീസ് നല്‍കുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം,   ഉറവിട മാലിന്യ സംസ്‌കരണത്തിനുളള സംവിധാനം, പൊതു ജൈവമാലിന്യ സംസ്‌കരണ യൂണിറ്റുകളുടെ ലഭ്യത, പൊതു ശുചിമുറികളുടെ ശുചിത്വം, പൊതുനിരത്തുകളിലെ വൃത്തി തുടങ്ങിയവ പരിശോധിച്ചായിരുന്നു തീരുമാനം.  റോഡ് ടാറിങ്ങിന് ഉപയോഗപ്പെടുത്തിയിരിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്, ഈ രീതിയില്‍ ടാര്‍ ചെയ്തിട്ടുളള റോഡിന്റെ ദൂരം. തദ്ദേശസ്ഥാപനത്തിന്റെ പരിധിയിലെ സ്ഥാപനങ്ങളിലും ആഘോഷങ്ങളിലും ഹരിത – പ്രോട്ടോക്കോള്‍ നടപ്പാക്കിയിട്ടുണ്ടോ തുടങ്ങിയവയും  പരിശോധനയ്ക്ക് വിധേയമായി.
ജില്ലാ കളക്ടര്‍ ചെയര്‍മാനായ ശുചിത്വ പദവി അവലോകനസമിതിയാണ് അര്‍ഹതയുള്ള സ്ഥാപനങ്ങളെ  ഗ്രേഡിംഗ് നടത്തി തെരഞ്ഞെടുത്തത്. ഹരിത കേരളം മിഷന്റെയും ശുചിത്വമിഷന്റെയും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരാണ് സമിതി കണ്‍വീനര്‍മാര്‍.  പരിശോധനാ സംഘത്തെ തിരഞ്ഞെടുക്കുന്നതും ഈ സമിതിയാണ്.   ഇവരുടെ പ്രതിനിധികള്‍ക്കു പുറമെ മാലിന്യസംസ്‌കരണ രംഗത്തെ വിദഗ്ധര്‍, സന്നദ്ധസംഘടനകളുടെ മേധാവിമാര്‍ തുടങ്ങിയവരും സമിതിയിലുണ്ട്.
ആന്തൂര്‍, മട്ടന്നൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി എന്നിവയാണ് ശുചിത്വപദവി കൈവരിച്ച അഞ്ച് നഗരസഭകള്‍.  കല്ല്യാശ്ശേരി, പയ്യന്നൂര്‍, പടക്കാട്, പാനൂര്‍ എന്നീ നാല് ബ്ലോക്കുകളും പദവി കരസ്ഥമാക്കി.  പയ്യന്നൂര്‍, കല്ല്യാശ്ശേരി ബ്ലോക്കുകളില്‍ ഏഴ്, തളിപ്പറമ്പ്, തലശ്ശേരി ബ്ലോക്കുകളില്‍ അഞ്ച്, കൂത്തുപറമ്പ്, പാനൂര്‍ ബ്ലോക്കുകളില്‍ നാല് വീതവും ഇരിട്ടി ബ്ലോക്കില്‍ രണ്ടും കണ്ണൂര്‍ ബ്ലോക്കില്‍ ഒന്നും ഉള്‍പ്പെടെ 47 ഗ്രാമപഞ്ചായത്തുകളും ഇതിനകം ശുചിത്വ പദവി കൈവരിച്ചു.