സര്‍ക്കാര്‍ കെട്ടിടം കാടുമൂടി നശിക്കുന്നു

0 729

 

ശ്രീകണ്ഠപുരം : കൃഷിഭവനുവേണ്ടി നിടിയേങ്ങ റോഡരില്‍ വേളായില്‍ നിര്‍മിച്ച കെട്ടിടം കാടുമൂടിയനിലയില്‍. വര്‍ഷങ്ങള്‍ക്കുമുന്‍പ് ലക്ഷങ്ങള്‍ മുടക്കിയാണ് കെട്ടിടം നിര്‍മിച്ചതെങ്കിലും പണി പൂര്‍ത്തിയായതോടെ അധികൃതര്‍ ഉപേക്ഷിച്ചു. പിന്നീട് ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. കെട്ടിടനിര്‍മാണത്തിന് നേതൃത്വംനല്‍കിയ പലരും സര്‍വീസില്‍നിന്നുതന്നെ വിരമിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കെട്ടിടം പൂര്‍ണമായും കാടുമൂടിയ നിലിയിലായി. നിലവില്‍ കൃഷിഭവന്‍ കെട്ടിടം നഗരസഭാ ഓഫീസ് സമുച്ചയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീകണ്ഠപുരത്ത് നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്ബോഴാണ് ഇവിടെ സര്‍ക്കാര്‍ ചെലവില്‍ പണിത കെട്ടിടം ആരുംകാണാതെ കാടിനുള്ളില്‍ കിടക്കുന്നത്. ശ്രീകണ്ഠപുരം എക്സൈസ് ഓഫീസ്, സബ് ട്രഷറി, കെ.എസ്.ഇ.ബി. സെക്‌ഷന്‍ ഓഫീസ് തുടങ്ങിയ പ്രധാന ഓഫീസുകളെല്ലാം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ശ്രീകണ്ഠപുരത്ത് അഗ്നിരക്ഷാനിലയം പ്രഖ്യാപിച്ചിരുന്നെങ്കിലും സ്വന്തം ഭൂമിയും കെട്ടിടവുമില്ലാത്തത് തടസ്സമാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്ബോഴാണ് സര്‍ക്കാര്‍ കെട്ടിടം നശിക്കുന്നത്. നിര്‍മാണശേഷം ഉപയോഗിക്കാത്തതിനാല്‍ കെട്ടിടം ഭാഗികമായി നശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കാടുവെട്ടിത്തെളിച്ച്‌ നവീകരിച്ചാല്‍മാത്രമേ ഇനി എന്തിനെങ്കിലും ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.