സൗദി പുതിയ തൊഴില്‍ രീതിയിലേക്ക് മാറുന്നു; വേതനം ഇനി മണിക്കൂര്‍ വ്യവസ്ഥയില്‍; കൂടുതല്‍ പേര്‍ക്ക് അവസരം

0 752

സൗദി പുതിയ തൊഴില്‍ രീതിയിലേക്ക് മാറുന്നു; വേതനം ഇനി മണിക്കൂര്‍ വ്യവസ്ഥയില്‍; കൂടുതല്‍ പേര്‍ക്ക് അവസരം

ജിദ്ദ: സൗദിയിലെ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരമൊരുക്കാനായി ഭരണകൂടം പുതിയ തൊഴില്‍രീതി വിഭാവനം ചെയ്യുന്നു. സ്വദേശികളുടെ വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ വേതനം മണിക്കൂര്‍ വ്യവസ്ഥയിലാക്കുന്ന ‘ഫ്‌ലക്‌സിബിള്‍ വര്‍ക്ക്’ എന്ന പുതിയ തൊഴില്‍ രീതി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു.

സ്വകാര്യ മേഖലയില്‍ സ്വദേശികളായ തൊഴിലന്വേഷകരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ജോലിക്ക് മണിക്കൂര്‍ വ്യവസ്ഥയില്‍ വേതനം നല്‍കുന്നതിലൂടെ സ്വദേശികളായ തൊഴിലന്വേഷകര്‍ക്ക് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താനും വരുമാനം വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. തൊഴിലുടമയുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാനവ വിഭവശേഷി മന്ത്രാലയം സംരക്ഷിക്കും. സ്വകാര്യമേഖലക്ക് അടിയന്തരവും താല്‍കാലികവും സീസണലായും സ്വദേശി തൊഴിലാളികളെ ലഭ്യമാക്കാന്‍ കൂടിയാണ് ഇങ്ങനെയൊരു സംവിധാനം ആരംഭിച്ചിരിക്കുന്നത്.

തൊഴിലന്വേഷകര്‍ക്ക് പുതിയ ജോലികള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സൗകര്യപ്രദമായ ജോലി കണ്ടെത്താനുള്ള സാധ്യതകള്‍ വര്‍ധിക്കും. ക്രമേണ സ്ഥിരം ജോലിക്കാരനാക്കാന്‍ പ്രാപ്തരാക്കും. കഴിവുകളും വൈദഗ്ധ്യവും വര്‍ധിപ്പിക്കും. നിയമലംഘകരായ വിദേശ തൊഴിലാളികളൂടെ അനുപാതം കുറക്കാന്‍ സഹായിക്കുമെന്നൊക്കെയാണ് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് അല്‍രാജിഹി പദ്ധതിയെ കുറിച്ച്‌ വിവരിച്ചിരിക്കുന്നത്.
90 ദിവസത്തിനകം ഇതിനായുള്ള പോര്‍ട്ടല്‍ ആരംഭിക്കും. നിലവിലെ പ്രതിസന്ധിയെ മറികടന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സഹായിക്കാന്‍ പുതിയ തൊഴില്‍ രീതി സഹായമാകുമെന്നും വിഷന്‍ 2030 ലക്ഷ്യമിട്ട് കൂടിയാണിതെന്നും മന്ത്രാലയം അറിയിച്ചു.