പുഴയോടൊപ്പം പുഴയിലൂടെ
അഞ്ചരക്കണ്ടിപ്പുഴയുടെ ദൈന്യവും വേദനയും കണ്ടറിയാന്‍ തന്നെയായിരുന്നു സാമൂഹികപ്രവര്‍ത്തകനും അധ്യാപകനുമായ രാജന്‍ കുന്നുമ്ബ്രോന്റെ നേതൃത്വത്തില്‍ 15 അംഗ സംഘം 14 ദിവസം കൊണ്ട് അഞ്ചരക്കണ്ടി പുഴയോര യാത്ര നടത്തിയത്. രണ്ടുവര്‍ഷം മുന്പായിരുന്നു അത്.
കൂത്തുപറമ്ബ് ഹൈസ്കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. അരീക്കാമലയില്‍നിന്നു തുടങ്ങി ധര്‍മടം വരെ 65 കിലോമീറ്ററോളം സംഘം അഞ്ചരക്കണ്ടിപ്പുഴയുടെ തീരങ്ങളിലൂടെ നടന്നു. പുഴയെ പഠിച്ചു ‘പുഴയോടൊപ്പം പുഴയിലൂടെ’ എന്നായിരുന്നു ആ യാത്രയുടെ പേര്. ഞങ്ങളുടെ യാത്രയില്‍ രാജന്‍ മാഷെയും കണ്ടു. പുഴയുടെ ഇന്നത്തെ സ്ഥിതിയില്‍ ദുഃഖിതനായിരുന്നു അദ്ദേഹം. പഴയ യാത്രയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
‘ശരിക്കും അഞ്ചരക്കണ്ടിപ്പുഴ മരിച്ചുകൊണ്ടിരിക്കുകയാണ്. ചെറുതും വലുതുമായ പട്ടണങ്ങള്‍ ഈ പുഴയെ കൊല്ലുകയാണ്- ‘മാതൃഭൂമി’ സീഡ് കോ ഓര്‍ഡിനേറ്ററുമായ രാജന്‍ കുന്നുമ്ബ്രോന്‍ പറഞ്ഞു.
പുഴയൊഴുകുംവഴിയിലെ നാട്ടുകാര്‍ക്ക് മാത്രമേ ഈ പുഴയെ രക്ഷിക്കാന്‍ കഴിയൂ. മാലിന്യം എറിയുന്നതിനെയും കൈയേറ്റത്തെയും അവര്‍ എതിര്‍ക്കണം. കൊറോണ വന്നപ്പോള്‍ നാം എത്രമാത്രം ജാഗരൂകരായി. അതുപോലെ നാം പുഴവെള്ളത്തിന്റെ കാര്യത്തിലും ജാഗരൂകരാവണം- അദ്ദേഹം പറയുന്നു.