ഗർഭിണികളുടെ റിക്രൂട്ട്‌മെന്റ്; വിവാദ സർക്കുലർ എസ്ബിഐ പിൻവലിച്ചു

0 960

മൂന്ന് മാസത്തിന് മുകളിൽ ഗർഭിണികളായ സ്ത്രീകളെ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുന്ന വിവാദ സർക്കുലർ പിൻവലിച്ച് എസ്ബിഐ. പൊതുജനവികാരം കണക്കിലെടുത്ത്, ഗർഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ ഉപേക്ഷിക്കാനും വിഷയത്തിൽ നിലവിലുള്ള നിർദ്ദേശങ്ങൾ തുടരാനും എസ്ബിഐ തീരുമാനിച്ചതായി ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.

ഡൽഹി വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും ബാങ്കിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഗർഭം 3 മാസത്തിൽ കൂടുതൽ ആണെങ്കിൽ, ഉദ്യോഗാർത്ഥിയെ താൽക്കാലികമായി അയോഗ്യയായി കണക്കാക്കുമെന്നും കുഞ്ഞ് ജനിച്ച് 4 മാസത്തിനുള്ളിൽ ചേരാൻ അനുവദിക്കാമെന്നും എസ്ബിഐ സർക്കുലറിൽ പറയുന്നു.

എസ്ബിഐയുടെ മുൻ നിയമങ്ങൾ അനുസരിച്ച്, ഗർഭിണികളായ സ്ത്രീകൾക്ക് ഗർഭാവസ്ഥയുടെ ആറുമാസം വരെ ബാങ്കിൽ നിയമനത്തിന് അർഹതയുണ്ട്. സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിന്റെ സാക്ഷ്യപത്രം വേണമെന്ന് മാത്രം. ഡൽഹി വനിതാ കമ്മീഷൻ, എസ്ബിഐ ചെയർമാനോട് നൽകിയ നോട്ടീസിൽ, സർക്കുലർ പിൻവലിക്കാനും പ്രസ്തുത മാർഗ്ഗനിർദ്ദേശങ്ങൾ സ്ത്രീകളോട് വിവേചനരഹിതമാണെന്ന് ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.