തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശന അപേക്ഷയില്‍ മകന് മതമില്ലെന്ന് രേഖപ്പെടുത്തിയതിന് സ്കൂള്‍ പ്രവേശനം നിഷേധിച്ചതായി രക്ഷാകര്‍ത്താക്കളുടെ പരാതി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിനെതിരെയാണ് വഞ്ചിയൂരില്‍ താമസിക്കുന്ന പാലോട് സ്വദേശി നസീമിെന്റയും ഭാര്യ ധന്യയുടെയും പരാതി. കഴിഞ്ഞ വ്യാഴാഴ്ച സ്കൂളിലെത്തി അപേക്ഷഫോറം പൂരിപ്പിച്ചുനല്കിയപ്പോള് മതമെഴുതാനുള്ള കോളത്തില്‍ ഇല്ലെന്ന് രേഖപ്പെടുത്തിയത് കണ്ടാണ് സകൂള്‍ അധികൃതര്‍ പ്രവേശനത്തിന് വിസമ്മതം പ്രകടിപ്പിച്ചതെന്ന് നസീം പറയുന്നു. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് കൈമാറുന്ന സമ്ബൂര്‍ണ സോഫ്റ്റ്വെയറില് മതം നിര്‍ബന്ധമായി ചേര്‍ക്കണമെന്നും അതിനാല്‍ അപേക്ഷ േഫാറത്തില്‍ ഇത് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. മതം രേഖപ്പെടുത്തേണ്ടതില്ലെന്ന് തെളിയിക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കില്‍ ഹാജരാക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ അന്വേഷിച്ചപ്പോള്‍ സമ്ബൂര്‍ണയില്‍ മതം രേഖപ്പെടുത്തല്‍ നിര്‍ബന്ധമല്ലെന്നും പ്രിന്‍സിപ്പലിനെ നേരിട്ട് കണ്ട് പ്രവേശനം നേടാനുമായിരുന്നു നിര്‍ദേശം. വീണ്ടും സ്കൂളില്‍ എത്തിയപ്പോള്‍ മതം രേഖപ്പെടുത്താത്തതുവഴിയുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സ്കൂളിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നായി. മതം രേഖപ്പെടുത്താതെ പ്രവേശനം ബുദ്ധിമുട്ടാണെന്ന് സ്കൂള്‍അധികൃതര്‍ വ്യക്തമാക്കിയതോടെ മടങ്ങുകയായിരുെന്നന്നും നസീം പറയുന്നു.
പ്രവേശനം നിഷേധിച്ചത് വിവാദമായതോടെ നല്കാന് തയാറാണെന്ന് അറിയിച്ച് ലോക്കല്‍ മാനേജര്‍ വിളിച്ചതായും നസീം പറഞ്ഞു. ഇനി അേത സ്കൂളില്‍ മകനെ ചേര്ത്തുപഠിപ്പിക്കല് ബുദ്ധിമുട്ടാണെന്നും രക്ഷിതാക്കള്‍ പറയുന്നു. എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടം സെന്റ് മേരീസിന് ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളെന്ന ഖ്യാതിയുമുണ്ട്. തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ കീഴിലാണ് സ്കൂള്‍.
പ്രവേശനം നിഷേധിച്ചില്ല; നിര്‍ദേശം ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍
തിരുവനന്തപുരം: മതം രേഖപ്പെടുത്തിയില്ലെന്ന പേരില്‍ കുട്ടിക്ക് പ്രവേശനം നിഷേധിക്കുകയോ പ്രകോപനപരമായ പെരുമാറ്റം സ്കൂള്അധികൃതരില്നിന്ന് ഉണ്ടാവുകയോ ചെയ്തിട്ടിെല്ലന്ന് തിരുവനന്തപുരം മേജര്‍ അതിരൂപത പ്രസ്താവനയില്‍ അറിയിച്ചു. വിവരം ശ്രദ്ധയില്‍പെട്ടപ്പോള്‍ സ്കൂള്‍ ലോക്കല്‍ മാനേജര്‍ പ്രവേശനത്തിന് ഒരു തടസ്സവുമില്ലെന്ന് രക്ഷാകര്‍ത്താവിനെ നേരിട്ടറിയിച്ചിരുന്നു. കുട്ടിയുടെ മതം എന്ന കോളം പൂരിപ്പിക്കാത്തത് ശ്രദ്ധയില്‍പെട്ടപ്പോള്‍ രക്ഷാകര്ത്താവിനാട് ചോദിച്ചു. അപ്പോള്‍ ആ കോളം പൂരിപ്പിക്കാന്‍ താല്പര്യമില്ല എന്നു പറഞ്ഞു.
രക്ഷാകര്‍ത്താവിന് അങ്ങനെ തീരുമാനമെടുക്കാന്‍ പൂര്‍ണസ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സര്‍ക്കാര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ ഏറെയും മതാടിസ്ഥാനത്തിലാണ്. പില്ക്കാലത്ത് ഏതെങ്കിലും വിദ്യാര്‍ഥിക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടാല്‍ അതിെന്റ ഉത്തരവാദിത്തം മാതാപിതാക്കള്ക്കായതുകൊണ്ട് അത് രേഖാമൂലം എഴുതി വാങ്ങേണ്ടതുണ്ട്. ഇതുമാത്രമാണ് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ഈ കാര്യമെല്ലാം മറച്ചുെവച്ച് സ്കൂളിനെതിരെ കുപ്രചാരണം നടത്തുന്നത് വേദനാജനകമാണ് അതിരൂപത പി.ആര്.ഒ ഫാ. ബോവസ് മാത്യു മേലൂട്ട് പറഞ്ഞു.