സെക്രട്ടേറിയറ്റിലെ തീപിടിത്തം: ‘ഒരു ഫയലും പുറത്തേക്ക് കൊണ്ടുപോകാനോ, അകത്തേക്ക് കൊണ്ടുവരാനോ പാടില്ല’, അന്വേഷണ സമിതി

0 256

സെക്രട്ടേറിയറ്റിലെ തീപിടിത്തം: ‘ഒരു ഫയലും പുറത്തേക്ക് കൊണ്ടുപോകാനോ, അകത്തേക്ക് കൊണ്ടുവരാനോ പാടില്ല’, അന്വേഷണ സമിതി

 

സെക്രട്ടേറിയറ്റിലെ പൊതുഭരണവിഭാഗത്തിൽ തീപിടിച്ച സംഭവത്തെത്തുടർന്ന് സ്ഥലത്തെ സുരക്ഷ കൂട്ടാനായി 11 ശുപാർശകളുമായി അന്വേഷണസമിതി റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം കഴിയുന്നത് വരെ, തീപ്പിടിത്തമുണ്ടായ, പൊതുഭരണവകുപ്പിന്‍റെ പൊളിറ്റിക്കൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് ഒരു ഫയൽ നീക്കവും പാടില്ലെന്നാണ് സമിതി തലവനും ദുരന്തനിവാരണസമിതി കമ്മീഷണറുമായ ഡോ. എ കൗശികൻ ആവശ്യപ്പെടുന്നത്. സ്ഥലത്തെ സുരക്ഷ വർദ്ധിപ്പിക്കാനും അന്വേഷണം കാര്യക്ഷമമാക്കാനും ഉള്ളതാണ് മറ്റ് ശുപാർശകൾ. അന്വേഷണത്തിന്‍റെ ഭാഗമായി ഈ 11 ശുപാർശകളും നടപ്പാക്കണമെന്നാണ് ചീഫ് സെക്രട്ടറിയോട് ഡോ. എ കൗശികൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ബുധനാഴ്ച വൈകിട്ടാണ് ഡോ കൗശികൻ ഈ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ ഇങ്ങനെയാണ്: അന്വേഷണം കഴിയുന്നത് വരെ ജിഎഡി, അഥവാ പൊതുഭരണവകുപ്പിന്‍റെ പൊളിറ്റിക്കൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് ഒരു ഫയലും പുറത്തേക്ക് കൊണ്ടുപോകാനോ, അകത്തേക്ക് കൊണ്ടുവരാനോ പാടില്ല. ഇരുപത്തിനാല് മണിക്കൂറും ഇവിടെ ഓഫീസിനകത്ത് സിസിടിവി സ്ഥാപിക്കണം. നിലവിൽ ഓഫീസിന് പുറത്ത് മാത്രമാണ് സിസിടിവി ഉള്ളത്.

24 മണിക്കൂറും ഇവിടെ പൊലീസ് ഗാർഡ് വേണമെന്നും ആവശ്യമുണ്ട്. ഓണക്കാല അവധിയായതിനാൽ ഇതിൽ ഇളവുകൾ വന്നേക്കാം. അത് പാടില്ല. കർശനസുരക്ഷ തന്നെ ഇവിടെ ഉണ്ടാകണം. തീപ്പിടിത്തമുണ്ടായ സമയം വരെയുള്ള എല്ലാ ഫയലുകളും ഇ- ഫയലുകളായോ എന്ന് കൃത്യമായി പരിശോധിക്കണം. പുറത്തുള്ള സിസിടിവി ദൃശ്യങ്ങളെല്ലാം കൃത്യമായും സൂക്ഷിച്ചിട്ടില്ലേ എന്ന് ഉറപ്പാക്കണം.

ഇ – ഫയലല്ല, കടലാസ് ഫയലാണെങ്കിൽ ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ പ്രതിബദ്ധതയുള്ള, വിശ്വാസ്യതയുള്ള ഒരു സംഘം ഉദ്യോഗസ്ഥരുടെ സഹായം വേണം. ഭാഗികമായി കത്തിയിട്ടുള്ള കടലാസ് ഫയലുകൾ സ്കാൻ ചെയ്ത് സൂക്ഷിക്കണം. ഭാവിയിൽ ഏതെങ്കിലും അന്വേഷണ ഏജൻസി ചോദിച്ചാൽ അത് നൽകാനാകണം എന്നിങ്ങനെയാണ് 11 ഇന ശുപാർശകൾ.