പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച; ഡ്രോൺ പറന്നു, മൂന്ന് പേർ കസ്റ്റഡിയിൽ

0 293

അഹമ്മദാബാദ് : ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച. ബാവ്ല യിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്വകാര്യ ഡ്രോൺ പറന്നു. ഡ്രോണും അത് പറത്തിയ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. അവസാന ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിനിടെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നേരിട്ട് റാലികൾ നടത്തുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം ബാവ്ലയിൽ അദ്ദേഹം പ്രസം​ഗിക്കുന്നതിനിടെയാണ് ഡ്രോൺ പറന്നത്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ ചോദ്യം ചെയ്ത് വരികയാണ്. പ്രധാനമന്ത്രിയുടെ പരിപാടിയിലെ സുരക്ഷകളെ കുറിച്ചും മാനദണ്ഡങ്ങളെ കുറിച്ചും ഇവർക്ക് ധാരണയുണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നി​ഗമനം.

ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പോര് ആപ്പും ബിജെപിയും തമ്മിലായിരുന്നു. ചിത്രത്തിൽ ഏറെ പിന്നിലാണ് കോൺഗ്രസ്. ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞുതന്നെ ആപ്പും വോട്ട് തേടിയതോടെ തങ്ങളുടെ പെട്ടിയിൽ വീഴേണ്ട വോട്ടുകളും ആപ്പിന് പോവുമോ എന്ന പേടിയിലാണ് ബിജെപി. ഗുജറാത്ത് തെരഞ്ഞെടുപ്പടുത്തിരിക്കെ ഹൈന്ദവ പ്രീണനം ലക്ഷ്യമിട്ട പല പ്രസ്താവനകളും വാഗ്ദാനങ്ങളും ആപ്പ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിരുന്നു കറൻസിയിൽ ദൈവങ്ങളുടെ ചിത്രം ആലേഖനം ചെയ്യണമെന്ന ആവശ്യം.

182 മണ്ഡലങ്ങളുള്ള ഗുജറാത്തിൽ ഡിസംബര്‍ ഒന്ന് മുതൽ അഞ്ച് വരെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 സീറ്റുകളിലേക്കും ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നുണ്ട്. മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാഡ്‍വിയാണ് ഗുജറാത്തിലെ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

Get real time updates directly on you device, subscribe now.