ബിഹാറിനെ ഭയപ്പെടുത്തി സീരിയൽ കിസ്സർ; മതിൽ ചാടിക്കടന്ന് ആരോ​ഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത്

0 574

പട്ന: ബിഹാറിൽ പൊലീസിനെ വലച്ച് സീരിയൽ കിസ്സർ.  അപ്രതീക്ഷിതമായെത്തി സ്ത്രീകളെ ബലമായി ചുംബിച്ച് കടന്നുകളയുന്ന യുവാവിനെ തേടി പൊലീസ് തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ദിവസം ആരോ​ഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ജാമുയി ജില്ലയിലാണ് സംഭവം. ആശുപത്രിയുടെ മതിൽ ചാടിക്കടന്നെത്തിയ ഇയാൾ ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. ശേഷം ഓടിരക്ഷപ്പെടുകയും ചെയ്തു.

 

സദര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്. ഇതിന് മുമ്പും നിരവധി സ്ത്രീകൾക്കെതിരെ സമാന ആക്രമണമുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാൾ സീരിയൽ കിസ്സറായിരിക്കാനുള്ള സാധ്യത പൊലീസ് തേടുന്നത്.

ആരോ​ഗ്യപ്രവർത്തക പരാതിയുമായി പൊലീസിനെ സമീപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ബിഹാറിൽ മുമ്പും സമാനമായ നിരവധി സംഭവങ്ങൾ നടന്നെന്ന് ഇപ്പോൾ പരക്കെ ആരോപണമുയരുന്നുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് യുവാവ് കൂടുതലും എത്തുന്നത്.