രാഹുൽ ഗാന്ധിക്ക് വീട് നൽകാൻ സേവാദൾ നേതാവ്: രജിസ്ട്രേഷന് സഹകരിക്കണമെന്ന് ആവശ്യം

0 719

ദില്ലി: അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ദില്ലിയിൽ തന്നെ വീട് രജിസ്റ്റർ ചെയ്ത് നൽകാൻ സന്നദ്ധത അറിയിച്ച് സേവാദൾ വനിതാ നേതാവ് രംഗത്തെത്തി. ദില്ലി മംഗോൾപുരിയിലെ വീട് രാഹുൽ ഗാന്ധിക്ക് നൽകുമെന്നാണ് രാജ്‌കുമാരി ഗുപ്ത വ്യക്തമാക്കിയത്. രജിസ്ട്രേഷൻ നടപടികളോട് സഹകരിക്കണമെന്നഭ്യർത്ഥിച്ച് രാഹുൽ ഗാന്ധിയെ കാണുമെന്നും ഇവർ വ്യക്തമാക്കി.

രാഹുൽ​ഗാന്ധി 2004 ൽ ആദ്യം എംപിയായതു മുതൽ താമസിക്കുന്നത് തു​ഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പർ വസതിയിലാണ്. എംപി സ്ഥാനത്തു നിന്നും അയോ​ഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോ​ഗിക വസതി ഒഴിയാൻ ലോക്സഭാ സെക്രട്ടേറിയേറ്റ് രാഹുൽ ​ഗാന്ധിക്ക് കത്ത് നൽകിയിരുന്നു. ഒരുമാസത്തിനകം ഒഴിയണമെന്നാണ് നിർദേശം.  കത്തിന് മറുപടിയായായി നിർദേശം അനുസരിക്കുമെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി. ജനങ്ങളുടെ വിധിയെഴുത്തനുസരിച്ചാണ് ഈ വസതിയിൽ കഴിഞ്ഞതെന്നും, സന്തോഷ പൂർണമായ ഓർമകളാണ് തനിക്കുള്ളതെന്നും രാഹുൽ നൽകിയ മറുപടിയിലുണ്ട്.