ലതാ മ​ങ്കേഷ്കറുടെ ഭൗതികദേഹത്തിന് മുന്നിൽ ‘ദുആ’ ചെയ്ത് ഷാരൂഖ് ഖാൻ; വെറുപ്പുമായി ഹിന്ദുത്വ തീവ്രവാദികൾ

0 1,024

രാജ്യത്തെ എക്കാലത്തെയും വലിയ വാനമ്പാടിയുടെ ചേതനയറ്റ മൃതദേഹത്തിന് മുമ്പിൽ ഒരാൾ കൈകൂപ്പി നിന്ന് പ്രാർഥിച്ചു. ഒരാൾ കൈകൾ മുകളിലേക്ക് ഉയർത്തി ‘ദുആ’ ചെയ്തു. ആ ചിത്രങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും വൈറലായിരിക്കുന്നത്. മാറിയ ഇന്ത്യ വേണ്ട, നമുക്ക് ഈ ഇന്ത്യ മതി എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചു​കൊണ്ട് ഓരോരുത്തരും പറയുന്നത്.

അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. മുംബൈ ശിവാജി പാര്‍ക്കിലെത്തിയ താരം ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ (പ്രാര്‍ഥന) ചെയ്യുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇന്ത്യയുടെ വാനമ്പാടിക്ക് ആദാരഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നത് വൈറല്‍ ചിത്രത്തില്‍ കാണാം.

പക്ഷേ, പ്രാർഥനാ നിർഭരമായ ആ ചിത്രത്തെത്തയും ഹിന്ദുത്വ തീവ്രവാദികൾ വെറുതെ വിട്ടില്ല. ‘ദുആ’ ചെയ്ത ശേഷം മാസ്ക് മാറ്റിയ ഷാരൂഖ് ഖാൻ മൃതദേഹത്തിൽ തുപ്പി എന്ന നിലക്കുള്ള അങ്ങേയറ്റം വിഷം വമിപ്പിക്കുന്ന പ്രചാരണങ്ങളാണ് അവർ നടത്തുന്നത്. ഒരു പടികൂടി കടന്ന് മുസ്‍ലിംകളെ ഇനി ഹിന്ദുക്കളുടെ സംസ്കാര വേളകളിൽ പ​ങ്കെടുപ്പിക്കരുത് എന്നും ഹിന്ദുത്വ വിദ്വേഷ പ്രചാരകർ മുറവിളി കൂട്ടുന്നു. ട്വിറ്റർ, ഫേസ് ബുക്ക് വഴി അവർ വിദ്വേഷ പ്രചാരണം തുടരുകയാണ്.