ഷഹ്‍ലയുടെ ആ ക്ലാസ്‌മുറി ഇനിയില്ല : കെട്ടിടനിര്‍മാണത്തിനായി പഴയ കെട്ടിടം പൂര്‍ണമായി പൊളിച്ചുനീക്കി

0 119

 

 

സുല്‍ത്താന്‍ബത്തേരി : ക്ലാസ്‌മുറിക്കുള്ളില്‍നിന്ന് പാമ്ബുകടിയേറ്റ് മരിച്ച സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷഹ്‍ല ഷെറിന്റെ ക്ലാസ്‌മുറിയുള്‍പ്പെടുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കി. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലാസ്‌മുറിയിലെ മാളത്തില്‍നിന്നാണ് ഷഹ്‍ലയ്ക്ക് പാമ്ബുകടിയേറ്റത്. പുതിയ കെട്ടിടം നിര്‍മിക്കാനാണ് പഴയ ക്ലാസ്‌മുറികള്‍ പൊളിച്ചുനീക്കിയത്.

ഷഹ്‍ലയുടെ മരണത്തെത്തുടര്‍ന്ന് സ്കൂള്‍ സന്ദര്‍ശിച്ച വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ച രണ്ടുകോടി രൂപയും മുമ്ബ് കിഫ്ബിയില്‍നിന്ന് അനുവദിച്ച ഒരുകോടി രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടംനിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍പൂര്‍ത്തിയായതായും ഈ മാസംതന്നെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ ടി.എല്‍. സാബു പറഞ്ഞു. ആറ്ുമാസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 9000 ചതുരശ്ര അടിയില്‍, മൂന്ന് നിലകളിലായി ആധുനികരീതിയിലുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. ഓരോ നിലയിലും അഞ്ച് ക്ലാസ്‌മുറികളും രണ്ട് ടോയ്‌ലെറ്റ് ബ്ലോക്കുകളുംവീതം ഉണ്ടാകും. മന്ത്രി അനുവദിച്ച രണ്ടുകോടി രൂപ ചെലവില്‍ ആദ്യത്തെ രണ്ടുനിലകളും കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ മൂന്നാമത്തെ നിലയും പണിയും.

2019 നവംബര്‍ 20-ാണ് സ്കൂളിലെ സര്‍വജനസ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ ഷഹ്‍ല ഷെറിന് ക്ലാസ്‌മുറിയിലെ തറയിലുണ്ടായിരുന്ന മാളത്തില്‍നിന്ന് പാമ്ബുകടിയേറ്റത്. ഹഷ്‍ലയുടെ മരണത്തെത്തുടര്‍ന്ന് പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന യു.പി. വിഭാഗം ക്ലാസുകള്‍, പൂര്‍വ വിദ്യാര്‍ഥികളുടെ സഹായത്തോടെ നവീകരിച്ച ഓഡിറ്റോറിയത്തിലാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

Get real time updates directly on you device, subscribe now.