സമൂഹ അടുക്കളകള്‍ വഴി ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണവുമായി ശാന്തി ഗിരി ആശ്രമം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലൊരുക്കിയ സമൂഹ അടുക്കളകള്‍ വഴി ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി ശാന്തിഗിരി ആശ്രമം കണ്ണൂര്‍ ഏരിയ കമ്മിറ്റി. ഇതിന്റെ ഭാഗമായി കമ്യൂണിറ്റി കിച്ചണുകളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും വിതരണം ചെയ്തു. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ ഭാഗങ്ങളിലെ സമൂഹ അടുക്കളകളിലേക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളാണ് ഇവര്‍ വിതരണം ചെയ്തത്. ഭക്ഷ്യധാന്യം ശാന്തിഗിരി ആശ്രമം ഗവേണിംഗ് കമ്മിറ്റി അംഗം മനോജ് മാത്തനില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഏറ്റുവാങ്ങി.
ശാന്തിഗിരി ആശ്രമത്തിന്റെ എല്ലാ ആഘോഷപരിപാടികളും ഉപേക്ഷിച്ചാണ് ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിലെ സാമൂഹ്യ അടുക്കളകളെ ആശ്രയിച്ച് കഴിയുന്ന ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചതെന്ന് മനോജ് മാത്തന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കമ്യൂണിറ്റി കിച്ചണുകളിലേക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള ധാന്യങ്ങളും പച്ചക്കറികളും വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, സെക്രട്ടറി വി ചന്ദ്രന്‍, ശാന്തിഗിരി ആശ്രമം ഏരിയ കമ്മിറ്റി അംഗങ്ങളായ എ രാജീവന്‍, സി പ്രശാന്തന്‍, കെ പി ഷെറിന്‍ രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.