ഒന്‍പത് മാസം ഗര്‍ഭിണിയായിട്ടും കടമ മറന്നില്ല; കൊവിഡ് രോഗബാധിതരെ വിശ്രമമില്ലാതെ പരിചരിച്ച് ഒരു നഴ്‌സ്; ഫോണില്‍ വിളിച്ച് നേരിട്ട് അഭിനന്ദിച്ച് യെദിയൂരപ്പ

0 1,008

ഒന്‍പത് മാസം ഗര്‍ഭിണിയായിട്ടും കടമ മറന്നില്ല; കൊവിഡ് രോഗബാധിതരെ വിശ്രമമില്ലാതെ പരിചരിച്ച് ഒരു നഴ്‌സ്; ഫോണില്‍ വിളിച്ച് നേരിട്ട് അഭിനന്ദിച്ച് യെദിയൂരപ്പ

ബം​ഗളൂരു: ജോലിയോടുള്ള അർപ്പണബോധത്തിന്റെ ഏറ്റവും മികച്ച മാതൃകയായി മാറിയിരിക്കുകയാണ് കർണാടകയിലെ രൂപ എന്ന നഴ്സ്. ഒൻപത് മാസം ​ഗർഭിണിയായ ഇവർ കൊവിഡ് ബാധിതരെ പരിചരിക്കുന്ന ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത്.
കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ജന്മസ്ഥലമായ ശിവമോ​ഗയിലെ ജയചാമരാജേന്ദ്ര താലൂക്ക് ഹോസ്പിറ്റലിൽ കരാർ അടിസ്ഥാനത്തിൽ നഴ്സായി ജോലി ചെയ്യുകയാണ് രൂപ. മുഖ്യമന്ത്രി രൂപയെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

താങ്കളുടെ പരിശ്രമങ്ങളെക്കുറിച്ച് അറിഞ്ഞ് അത്ഭുതം തോന്നുന്നു. എന്റെ ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീ ഇത്രയധികം സേവനങ്ങൾ ചെയ്യുന്നു എന്നതിൽ സന്തോഷം. ദയവായി ഇപ്പോൾ വിശ്രമിക്കൂ, പ്രസവത്തിന് ശേഷം വീണ്ടും ജോലിയിൽ തിരികെ പ്രവേശിക്കാം. ഇന്നുതന്നെ വിശ്രമിക്കാൻ തയ്യാറെടുക്കൂ.
യെദ്യൂരപ്പ ഫോണിൽ സംസാരിക്കവേ രൂപയോട് ആവശ്യപ്പെട്ടു. ശിവമോ​ഗ ജില്ലയിലെ ​ഗജാനൂരിലാണ് കൊറോണ വൈറസ് ബാധിതർക്കായി ജോലി ചെയ്യുന്നത്. കുറച്ച് ദിവസങ്ങളായി തീർത്ഥനഹള്ളിയിൽ നിന്ന് ​ഗജാനൂരിലേക്ക് ബസിലാണ് ഇവർ പോയി വരുന്നത്.

രൂപയുടെ നിർബന്ധപ്രകാരമാണ് ഇവരെ ഡ്യൂട്ടിക്ക് നിയോ​ഗിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ ആരോ​ഗ്യ മേഖല ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ജോലിയിൽ നിന്നും മാറി നിൽക്കുന്നത് ശരിയല്ല എന്നാണ് രൂപയുടെ നിലപാട്.

പ്രോട്ടോക്കോൾ അനുസരിച്ച് രൂപ ദുർബല വിഭാ​ഗത്തിന്റെ പട്ടികയിലാണെന്നും അതിനാൽ എത്രയും വേ​ഗം അവധിയിൽ പ്രവേശിക്കണമെന്നും ആരോ​ഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.