ഷോക്കേറ്റ് മരണം; സുരക്ഷാ ക്രമീകരണമില്ലാതെ ഇന്‍വെര്‍ട്ടര്‍ ഘടിപ്പിക്കല്‍ വ്യാപകം

0 350

 

 

 

തളിപ്പറമ്ബ്: തൃച്ചംബരത്ത് ജോലിക്കിടെ കെ.എസ്.ഇ.ബി. ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം വിരല്‍ചൂണ്ടുന്നത് സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക്. തളിപ്പറമ്ബിലെ അപകടമരണം ഇന്‍വെര്‍ട്ടറില്‍ നിന്ന് വൈദ്യുതിക്കമ്ബികളിലേക്ക് വൈദ്യുതി പ്രവഹിച്ചതിനാലാകാമെന്ന പ്രാഥമികനിഗമനത്തിലാണ് അധികൃതര്‍. ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. മതിയായ സുരക്ഷാക്രമീകരണമില്ലാതെ വീടുകളില്‍ ഉള്‍പ്പെടെ ഇന്‍വെര്‍ട്ടറുകള്‍ ഘടിപ്പിക്കുന്നത് വ്യാപകമാണെന്ന് ആക്ഷേപമുണ്ട്. ഇത് പരിശോധിക്കാനോ തടയിടാനോ പര്യാപ്തമായ കര്‍ശനനിയമങ്ങളുമില്ല.

ഇന്‍വെര്‍ട്ടറുകള്‍, ജനറേറ്ററുകള്‍, സോളാര്‍ പാനലുകള്‍ പോലുള്ള ഉപകരണങ്ങള്‍ അനുമതിയില്ലാതെയും മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയും ലൈനില്‍ കണക്‌ട് ചെയ്യാന്‍ പാടില്ലെന്ന് അറിയിപ്പുണ്ട്. എന്നാല്‍, ഇതൊന്നും കൃത്യമായി പരിശോധിക്കപ്പെടാതെപോവുകയാണ്. ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുമ്ബോള്‍ കെ.എസ്.ഇ.ബി. ബന്ധം വിച്ഛേദിക്കാനുള്ള ചെയ്ഞ്ച് ഓവര്‍ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നുമില്ല. ഓട്ടോമാറ്റിക് സംവിധാനത്തിന് പകരം മാന്വല്‍ ഓപ്പറേറ്റഡ് ചെയ്ഞ്ച് ഓവര്‍ സംവിധാനമാണ് ഏര്‍പ്പെടുത്തേണ്ടതെന്ന് ജീവനക്കാര്‍ പറയുന്നു. നിലവില്‍ 10 കിലോവാട്ടില്‍ കൂടുതലുള്ള ഇന്‍വെര്‍ട്ടറുകള്‍, ജനറേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ അനുമതി വാങ്ങണം. എന്നാല്‍, വീടുകളിലും മറ്റുമുപയോഗിക്കുന്നതില്‍ ഭൂരിഭാഗവും 10 കിലോവാട്ടില്‍ താഴെയാണ്.

അന്ന്, ചെറുകുന്ന് താവത്ത്

2015-ല്‍ താവം റെയില്‍വേ ഗേറ്റിനടുത്ത് കരാര്‍ തൊഴിലാളിയായ യുവാവ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. കെ.എസ്.ടി.പി. റോഡ് വികസനത്തിന്റെ ഭാഗമായി പാതയോരത്തെ പോസ്റ്റുകള്‍ അരികിലേക്ക് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിക്കിടെയായിരുന്നു അപകടം. എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചും സൂപ്പര്‍വൈസര്‍മാരുടെ സാന്നിധ്യത്തിലുമാണ് പ്രവൃത്തി നടന്നത്. എന്നാല്‍, നേരത്തെ പോസ്റ്റില്‍നിന്ന് ബന്ധം വിച്ഛേദിച്ച്‌ ചുറ്റിവെച്ചിരുന്ന കമ്ബികളിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു.

പരിശോധനയില്‍ ഒരു കടയില്‍ സ്ഥാപിച്ച ഇന്‍വെര്‍ട്ടര്‍ ഓണ്‍ ചെയ്തപ്പോഴാണ് വൈദ്യുതി പ്രവഹിച്ച്‌ അപകടത്തിന് കാരണമായതെന്നു കണ്ടെത്തി. അശാസ്ത്രീയമായാണ് ഇന്‍വെര്‍ട്ടര്‍ ലൈനിലേക്ക് കണക്‌ട് ചെയ്തിരുന്നത്. ഇത്തരത്തില്‍ ഇന്‍വെര്‍ട്ടറുകള്‍, ജനറേറ്ററുകള്‍, സോളാര്‍ പാനലുകള്‍ മുതലായ ഉപകരണങ്ങള്‍ ലൈനില്‍ കണക്‌ട് ചെയ്യുക വഴി ട്രാന്‍സ്‌ഫോമറിലേക്കു വരെ വൈദ്യുതി പ്രവഹിക്കും. ഉപകരണങ്ങള്‍ കേടാവുക മാത്രമല്ല, വന്‍ അപകടങ്ങള്‍ക്കും കാരണമാകും. മുന്‍കൂര്‍ അനുമതിയില്ലാതെയും മതിയായ സുരക്ഷാ ക്രമീകരണം ഇല്ലാതെയും ഉപകരണങ്ങള്‍ ലൈനില്‍ കണക്‌ട് ചെയ്യുന്നത് 2003-ലെ വൈദ്യുതി നിയമമനുസരിച്ച്‌ കുറ്റകരമാണ്.

Get real time updates directly on you device, subscribe now.