വീടെന്നത് ഷൈനിക്കും മക്കൾക്കും സ്വപ്നം മാത്രം.

0 474

വീടെന്നത് ഷൈനിക്കും മക്കൾക്കും സ്വപ്നം മാത്രം.

ഇരിക്കൂർ:തല ചായിക്കാന്‍ സുരക്ഷിതമായ വീടെന്ന സ്വപ്‌നവുമായി ഷൈനിയും മക്കളും 30 വർഷമായി പട്ടയമോ രേഖയോ ഇല്ലാതെ പ്ലാസ്റ്റിക് ഷെഡിനുള്ളിൽ അധികൃതരുടെയും സുമനസ്സുകളുടെയും കനിവ് തേടുന്നു.. ഇരിക്കൂർ:പടിയൂര്‍ പഞ്ചായത്തിലെ ആര്യങ്കോട് സ്വദേശിനിയായ കുറ്റിക്കല്‍ ഷൈനിയും രണ്ട് മക്കളും സുരക്ഷിതമായ വീടെന്ന സ്വപനവുമായി പ്ലാസ്റ്റിക് ഷെഡിനുള്ളില്‍ ജീവിതം തള്ളി നീക്കുന്നു. .കഴിഞ്ഞ 30 വര്‍ഷമായി സ്ഥലത്തിന്റെ പട്ടയത്തിനായി നിരന്തരം സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ഈ കുടുംബം. മാസങ്ങള്‍ക്ക് മുമ്പ് ആര്യങ്കോട് മേഖലയില്‍ പട്ടയവിതരണം നടത്തിയിട്ടും ഈ കുടുംബത്തിന്റെ അപേക്ഷകള്‍ ആരും കണ്ട ഭാവം നടിച്ചില്ല….

മഴയായലും വെയിലായാലും ഈ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും തല ചായിക്കാന്‍ പ്ലാസ്റ്റിക് ടാർപോളിനുകൾ കൊണ്ട് വലിച്ചു കെട്ടിയ കുടിലുമാത്രമാണ് ആശ്രയം.  മധ്യവയസ്‌ക്കയായ ഷൈനിയും വിദ്യാർത്ഥിനിയായ മകളും സാമ്പത്തിക പരാധീനത മൂലം ഒമ്പതാം ക്ലാസിൽ വെച്ച് പഠനം നിർത്തിയ മകനുമടങ്ങുന്നതാണ് ഇവരുടെ കുടുംബം.എട്ട് വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ ജീവിതം വഴിമുട്ടിയ ഷൈനി മക്കളുടെ വിശപ്പിനും പഠനത്തിനും മുന്നിൽ പിടിച്ചു നിൽക്കാനായ് കൂലിപ്പണിയ്ക്കു പോയാണ് കുടുംബം പുലർത്തുന്നത്.. വിദ്യാഭ്യാസത്തില്‍ മികച്ച വിജയം നേടിയിരുന്ന മക്കളെ കൂടുതല്‍ പഠിപ്പിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും അതും ഒരു സ്വപ്‌നമായി ചിതലരിച്ചു. പ്രായപൂര്‍ത്തിയായ മകളെ ഈ അടച്ചുറപ്പില്ലാത്ത കുടിലില്‍ താമസിപ്പിച്ചാൽ മന:സ്സമാധാനത്തോടെ കൂലിപ്പണിക്ക് പോകാൻ കഴിയാത്ത  കാരണത്താല്‍ കണ്ണൂരിലെ വിദ്യാലയത്തിൽ ചേർക്കുകയും സാമൂഹിക സംഘടന നടത്തുന്ന ഹോസ്റ്റലിൽ നിര്‍ത്തിയിരിക്കുകയാണ് ചെയ്തത്. കുടിലിന് തകർച്ച നേരിട്ടതോടെ വാടക  വീട്ടില്‍ കുറച്ചു കാലം താമസമാക്കി. വീട്ടുവാടകയും മകളുടെ ഹോസ്റ്റല്‍ ഫീസും, താങ്ങാന്‍ സാധിക്കാതെ വന്നതോടെ താമസം വീണ്ടും കുടിലിലേക്ക് മാറ്റി. അമ്മയുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും കണ്ട് വളര്‍ന്ന മകന്‍ അമ്മയെ സഹായിക്കാനായി ഒന്‍പതാംക്ലാസ് പഠനത്തോടെ പഠിപ്പ് നിര്‍ത്തി കൂലിപ്പണിക്ക് പോയിത്തുടങ്ങി. ബാങ്ക് വായ്പ്പകളോ മറ്റ് കടങ്ങളോ ഒന്നും ഇല്ലാത്തതാണ് ഈ അമ്മയ്ക്ക് ഇപ്പോഴും മനസമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കുന്നത്. കാരണം, സ്ഥലത്തിന് പട്ടയമില്ലാത്തതിനാല്‍ ബാങ്കുകളോ, ധനകാര്യ സ്ഥാപനങ്ങളോ യാതൊരു വിധ വായ്പ്പകളും ഇവര്‍ക്കു നല്‍കുന്നില്ല. അതുകൊണ്ട് വീട് എന്ന ആഗ്രഹം വെറും സ്വപ്‌നമായിത്തന്നെ അവശേഷിക്കുന്നു. മക്കള്‍ വളര്‍ന്നു വരുന്തോറും ഈ അമ്മയ്ക്ക ആശങ്കയാണ്. അവരുടെ കുടുംബ ജീവിതം എങ്ങനെയായിത്തീരുമെന്ന കാര്യത്തില്‍ ഉല്‍ക്കണ്ഠയാണ്. 30 വര്‍ഷമായി താമസിച്ചുപോരുന്ന സ്ഥലത്തിന്റെ പട്ടയത്തിനായി മുട്ടാത്ത വാതിലുകള്‍ ഇല്ലെന്ന് ഈ അമ്മ പറയുന്നു. അടച്ചുറപ്പുള്ള ഒരു ശൗചാലയത്തിന് വേണ്ടി പടിയൂർ പഞ്ചായത്തിന്റെ പടവുകൾ കയറിയിറങ്ങിയിട്ട്കു റേ ചെരുപ്പുകൾ തേഞ്ഞു തീർന്നതല്ലാതെ ഫലമൊന്നുമുണ്ടായില്ല.കുടിവെള്ളത്തിനായി പോലും സമീപ വീടുകളെയാണ് ആശ്രയിക്കുകയാണ്.  . നാട് വളരുമ്പോള്‍ ഇത്തരത്തിലുള്ള ആളുകളും നമുക്കു ചുറ്റും ജീവിക്കുന്നു എന്നു നാം അറിയണം. ഇവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളും സര്‍ക്കാരും മുന്നോട്ട് വന്നില്ലെങ്കിൽ ഈ മഴക്കാലം കടുത്ത ദുരിതത്തിൽ ആകുന്നതോടൊപ്പം നഴ്‌സിങ്ങ് പഠനമെന്ന മകളുടെ സ്വപ്നംനം വെറും സ്വപ്നമായിത്തനെ അവശേഷിക്കും.