സില്‍വര്‍ ലൈന്‍; പാരിസ്ഥിതികാഘാത പഠനം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

0 388

സില്‍വര്‍ ലൈന്‍; പാരിസ്ഥിതികാഘാത പഠനം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

 

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പാരിസ്ഥിതികാഘാത പഠനം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പരിസ്ഥിതി അനുമതി വേണ്ട പദ്ധതികളില്‍ റെയില്‍ പദ്ധതി ഉള്‍പ്പെടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കേരളം ഇതുവരെ അനുമതി തേടിയിട്ടില്ല. ദ്രുതപരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടാണ് കെആര്‍ഡിസിയില്‍ ഡിപിആര്‍ സമര്‍പ്പിച്ചത്. പദ്ധതിയെ കുറിച്ച് പരാതി ലഭിച്ചിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോക്‌സഭയില്‍ എംപിമാരായ കെ മുരളീധരന്‍, എന്‍. കെ പ്രേമചന്ദ്രന്‍ എന്നിവരുന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് പരിസ്ഥിതി മന്ത്രാലയം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജ്യത്ത് എവിടെയും നടക്കുന്ന സ്വകാര്യ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി ആവശ്യമുണ്ട്. 2006ലെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനമനുസരിച്ചാണ് ഈ നിബന്ധന കൊണ്ടുവന്നത്. എന്നാല്‍ മെട്രോ ഉള്‍പ്പെടെയുള്ള ചില പദ്ധതികളെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പദ്ധതിക്കെതിരായി ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അവയ്ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.