സില്‍വര്‍ലൈന്‍: നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സര്‍ക്കാര്‍ ചിന്തിക്കണമെന്ന് ഹൈക്കോടതി

0 289

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്ന രീതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സില്‍വര്‍ലൈന്‍ പദ്ധതി നല്ലതാണെങ്കിലും അത് നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ കൈകഴുകുകയാണെന്നും ഹൈക്കോടയില്‍ നിന്നും വിമര്‍ശനമുണ്ടായി. (high court criticizes kerala government over silverline )

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ജനങ്ങളെ വിശ്വാസത്തിലെടുക്കണമായിരുന്നെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ആരുടേയും ശത്രുവല്ല. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സര്‍ക്കാരും കെ റെയിലും ആലോചിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. ഹര്‍ജികള്‍ അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈനില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഹൈക്കോടതിയില്‍ നിന്നും വീണ്ടും വിമര്‍ശനങ്ങളുയരുന്നത്. സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ കാലാവധി ഒമ്പത് ജില്ലകളില്‍ തീര്‍ന്നു. പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടില്ല. കല്ലിടലിനു പകരം ഉള്ള ജിയോ മാപ്പിങ്ങും എങ്ങുമെത്തിയിട്ടില്ല.

തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തണുത്ത മട്ടിലായിരുന്നു സില്‍വര്‍ലൈന്‍ പദ്ധതിയുടെ പോക്ക്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന പക്ഷം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ കാലാവധി ഒമ്പത് ജില്ലകളില്‍ തീര്‍ന്നിട്ടും സര്‍ക്കാര്‍ നിശബ്ദത തുടരുന്നത്. പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടില്ല. എന്നാല്‍ അനുമതി തരാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്നും അനുമതി തന്നാലേ മുന്നോട്ട് പോകൂവെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു.

Get real time updates directly on you device, subscribe now.