എളുപ്പവഴിയില്‍ വീട്ടില്‍ എങ്ങനെ സാധനമുണ്ടാക്കാം? ഗൂഗിളില്‍ വഴിതിരഞ്ഞ് മദ്യപന്മാര്
മദ്യശാലകള്‍ കുത്തിത്തുറന്നുള്ള മോഷണവും പതിവായിട്ടുണ്ടെന്ന് പുനെയിലെ പോലീസുദ്യോഗസ്ഥന് പറയുന്നു.
രാജ്യവാപക ലോക്ക്ഡൗണ്‍ ഏറ്റവുമധികം ബാധിച്ച സമൂഹത്തിലെ ഒരു വിഭാഗമാണ് മദ്യപന്മാര്. മദ്യത്തിന്റെ ലഭ്യതക്കുറവ് സ്ഥിരം മദ്യപാനികളില്‍ സ്യഷ്ടിച്ചേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും മദ്യശാലകള്‍ അടച്ചിടാനുള്ള തീരുമാനം സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കുകയായിരുന്നു.19 ദിവസത്തേക്കു കൂടി ലോക്ക്ഡൗണ്‍ നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതും കരിഞ്ചന്തയില്‍ ലഭിക്കുന്ന മദ്യത്തിന് വന്‍വില ഈടാക്കുന്നതും സമാന്തരമാര്ഗങ്ങളെ കുറിച്ച് ചിന്തിക്കാന്‍ മദ്യപന്മാരെ കൂടുതല്‍ പ്രേരിപ്പിക്കുകയാണ്.
വന്‍വില നല്കാന് തയ്യാറാണെങ്കില്‍ പോലും ലഭ്യതക്കുറവ് കാരണം സ്വന്തമായി മദ്യം എങ്ങനെ ഉത്പാദിപ്പിക്കാം എന്ന ചിന്തയിലാണ് ഇവരെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഗൂഗിളില്‍ അടുത്ത ദിവസങ്ങളില്‍ ഒരുപാട് പേര് തിരഞ്ഞത് മദ്യം ഉണ്ടാക്കുന്ന വിവിധ മാര്‍ഗങ്ങളെന്നാണ് റിപ്പോര്‍ട്ട്. എളുപ്പവഴിയില്‍ വീടുകളില്‍ എങ്ങനെ നിര്‍മിക്കാമെന്നാണ് ഏറ്റവുമധികം പേര് തിരഞ്ഞത്.
മാര്‍ച്ച് അവസാനമായപ്പോള്‍ കരിഞ്ചന്തക്കച്ചവടക്കാര് ഇരട്ടിവിലയാണ് മദ്യത്തിന് ഈടാക്കിയിരുന്നത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അത് മൂന്നിരട്ടിയും നാലിരട്ടിയുമായി. 170 രൂപ വിലയുള്ള ഒരു കുപ്പി വിസ്കി 700 രൂപ നല്‍കിയാണ് വാങ്ങിയതെന്ന് മുംബൈ സ്വദേശി (പേര് വെളിപ്പെടുത്തിയില്ല)പറഞ്ഞു. പലരും അധികവില നല്കാന് ഒരുക്കമാണ്. പക്ഷെ സാധനം കിട്ടാനില്ല. ഭാഗ്യം കൊണ്ടാണ് എനിക്കത് കിട്ടിയത്. മനീഷ് പറഞ്ഞു.
സ്ഥിരമദ്യപാനികള്‍ പോലും ഉപഭോഗം കുറച്ചതായാണ് കണക്കുകള്‍. ദിവസങ്ങള്‍ തള്ളി നീക്കാന്‍ സൂക്ഷിച്ചുപയോഗിക്കാമെന്നാണ് ഇവര്‍ കരുതുന്നത്. നിയമവിരുദ്ധമായുള്ള മദ്യനിര്‍മാണം ലോക്ക്ഡൗണ്‍ കാലത്ത് വര്‍ധിച്ചു. വാറ്റ് വ്യാപകമാകുകയും എക്സൈസും പോലീസും ചേര്‍ന്ന് ഇവരെ പിടികൂടുന്ന കേസുകള്‍ നാടൊട്ടുക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
വീട്ടില്‍ നിര്‍മിച്ച മദ്യം കഴിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കഴിഞ്ഞയാഴ്ച രണ്ട് പേര് മരിച്ചിരുന്നു. അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മദ്യഷോപ്പുകള്‍ കുത്തിത്തുറന്നുള്ള മോഷണവും പതിവായിട്ടുണ്ടെന്ന് പുനെയിലെ പോലീസുദ്യോഗസ്ഥന് പറയുന്നു. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ആത്മഹത്യ ചെയ്തവരും ആത്മഹത്യാശ്രമം നടത്തിയവരും കുറവല്ല.