ഇവയൊന്നും സിനിമയിലില്ല മോഹന്‍ കൊല്ലത്തിന്റെ പ്രദര്‍ശനത്തില്‍ കാണാം
കണ്ണൂര്‍: ശങ്കറിനെ ചിരിയോടെ തല്ലാനോങ്ങുന്ന മോഹന്‍ലാല്‍, അരികെ പൂര്‍ണിമയും. ഓണസദ്യ കഴിക്കാന്‍ നിലത്തിരിക്കുന്ന പൃഥ്വിരാജും മോഹന്‍ലാലും കുഞ്ചാക്കോ ബോബനും. സിനിമയ്ക്ക് പിന്നിലെ താരങ്ങളുടെ അപൂര്‍വനിമിഷങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളുമായി മോഹന്‍ കൊല്ലത്തിന്റെ പ്രദര്‍ശനം തുടങ്ങി. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് പരിപാടി നടത്തിയത്. നടന്‍ സുരാജ് വെഞ്ഞാറമൂട് ഉദ്ഘാടനംചെയ്തു.
രണ്ട് ദേശീയ അവാര്‍ഡ് ജേതാക്കള്‍ എന്ന് ക്യാപ്ഷനിട്ട, താനും സലിംകുമാറും കെട്ടിപ്പിടിക്കുന്ന ഫോട്ടോ സുരാജ് വെഞ്ഞാറമൂട് ചിരിയോടെ ആസ്വദിച്ചു. വിനയന്റെ ബോയ്ഫ്രണ്ടില്‍ പാടി അഭിനയിക്കുന്ന യേശുദാസ്, പാര്‍വതിയും ജയറാമും മധുവിധുനാളുകളില്‍, ഓണവേഷത്തില്‍ തമിഴ് നടന്‍ അജിത്, രണ്ട് തിരുമേനിമാരായ മാടമ്ബും കൈതപ്രവും തുടങ്ങിയ നൂറോളം ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. സി.വി.ബാലകൃഷ്ണന്‍, കളക്ടര്‍ ടി.വി.സുഭാഷ്, മോഹന്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.