രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ വർധന

0 402

രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ വർധന. 24 മണിക്കൂറിനിടെ 30,757 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 541 പേർ മരണമടഞ്ഞു. കഴിഞ്ഞ ദിവസത്തേതിലും 11 ശതമാനം വർധനയാണ് പ്രതിദിന രോഗബാധിതരിൽ രേഖപ്പെടുത്തിയത്. പ്രതിദിന ടി പി ആർ 2.61% ആയി. 24 മണിക്കൂറിനിടെ 82, 988 പേർ ആശുപത്രി വിട്ടതോടെ രോഗമുക്തി നിർക്ക് 97. 94 ശതമാനമായി ഉയർന്നു. രാജ്യത്താകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 174. 24 കോടി ആയി.

സംസ്ഥാനത്ത് ഇന്നലെ 12,223 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21,906 പേർ രോഗമുക്തി നേടി. ഇന്നലെ 77,598 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,052 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,26,887 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5165 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 765 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,13,798 കൊവിഡ് കേസുകളില്‍, 4.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 1,13,798 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,62,770 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

25 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രിം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 195 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 63,019 ആയി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,046 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1056 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.