സ്കൂള്‍വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ സഹപാഠികള്‍ക്ക് സ്നേഹവീടൊരുങ്ങി

0 276

 

മാലൂര്‍ : വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ സഹപാഠികള്‍ക്ക് സ്നേഹവീടൊരുങ്ങി. ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ മാലൂരിലെ എരട്ടേങ്ങലില്‍ നിര്‍മ്മിക്കുന്ന സ്നേഹവീടിന്റെ പ്രവൃത്തിയാണ് പൂര്‍ത്തിയായത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ശിവപുരം സ്കൂളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്കായാണ് സ്നേഹവീട് നിര്‍മ്മിച്ചത്. മേല്‍ക്കൂര ദ്രവിച്ചു ജീര്‍ണാവസ്ഥയിലായിരുന്ന വീട്ടിലായിരുന്നു അമ്മൂമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. പ്രായമായ അമ്മൂമ്മയ്ക്ക് കൂലിപ്പണിയില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു ഇവരുടെ ജീവിതം.

എന്‍.എസ്.എസ്. യൂണിറ്റ് ഇവരുടെ ദുരിത ജീവിതം മനസ്സിലാക്കിയാണ് സഹായ ഹസ്തവുമായി രംഗത്തെത്തിയത്. 2019 ജൂലായ് മാസത്തില്‍ കെ.ഗോപി ചെയര്‍മാനായും എസ്.ബി.ഷിനോയ് കണ്‍വീനറായും സ്നേഹവീട് സംഘാടക സമിതി രൂപവത്‌കരിക്കുകയും വീട് നിര്‍മ്മാണത്തിനുള്ള ഫണ്ട് ശേഖരണം ആരംഭിക്കുകയും ചെയ്തു. നൂറോളം വരുന്ന എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ പൊതുജനങ്ങളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച്‌ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കി. ഡിഷ് വാഷ് നിര്‍മ്മാണത്തിലൂടെയും ഉപജില്ലാ ശാസ്ത്രമേളയില്‍ വിവിധ സ്റ്റാളുകള്‍ തുറന്നും വൊളന്റിയര്‍മാര്‍ ഫണ്ട് ശേഖരണം നടത്തിയിരുന്നു. അധ്യാപകരും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ഥി സംഘടനകളും കൈത്താങ്ങായി കൂടെ നിന്നതോടെ സ്നേഹ വീടിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയായി. നിര്‍മ്മാണം തുടങ്ങി ഏഴു മാസത്തിനുള്ളിലാണ് സ്നേഹ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

വീടിന്റെ താക്കോല്‍ദാനം 8-ന് എരട്ടേങ്ങലില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ നിര്‍വ്വഹിക്കും. മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.അശോകന്‍ അധ്യക്ഷത വഹിക്കും. തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ എന്‍.എസ്.എസ്.യൂണിറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ വീടാണിത്. 2018ല്‍ ജനകീയ കമ്മിറ്റിയുമായി ചേര്‍ന്ന്‌ വെമ്ബടി കോളനിയിലും കഴിഞ്ഞ വര്‍ഷം നടുവനാട്ടും സഹപാഠികളായ വിദ്യാര്‍ഥികള്‍ക്ക് സ്നേഹവീടൊരുക്കാന്‍ എന്‍.എസ്.എസ്. യൂണിറ്റിന് സാധിച്ചിരുന്നു.

Get real time updates directly on you device, subscribe now.