സ്വഭാവദൂഷ്യമുണ്ടെന്ന് ‘കോമര’ത്തിന്റെ കല്‍പ്പന ; മനംനൊന്ത് യുവതി ജീവനൊടുക്കി ; ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്ന് പരാതി

0 305

 

 

തൃശൂര്‍ : രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോമരത്തിനെതിരെ പരാതി. കോമരം കല്‍പന പുറപ്പെടുവിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്ന് സഹോദരന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മണലൂരില്‍ ബുധനാഴ്ചയാണ് വീട്ടമ്മ ജീവനൊടുക്കിയത്.

ക്ഷേത്രച്ചടങ്ങിനിടെ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് കോമരം കല്‍പന പുറപ്പെടുവിച്ചെന്നും ഇതു മാനഹാനി ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. യുവതി ദേവിക്കു മുന്‍പില്‍ മാപ്പു പറയണമെന്നായിരുന്നു ഇരുന്നൂറോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ കോമരത്തിന്റെ കല്‍പന. ഇതേ നാട്ടുകാരനായ യുവാവാണു കോമരം തുള്ളിയത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
ഇയാളുടെ സുഹൃത്തിന്റെ സ്വാധീനത്താലാണു കോമരം ഇങ്ങനെ പറഞ്ഞതെന്നും അയാള്‍ക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടുകാരില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകര്‍ ഇന്നലെ യുവതിയുടെ വീട് സന്ദര്‍ശിക്കുകയും കോമരം തുള്ളിയ ആള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.