സ്വകാര്യ ബസ്‌ ലോബിയുമായി ഒത്തുകളി; ബംഗളുരുവിലേക്ക്‌ അധിക ട്രെയിനില്ല

0 117


കോട്ടയം: ബംഗളുരു റൂട്ടില്‍ ആവശ്യത്തിനു ട്രെയിനുകള്‍ ഓടിക്കാതെ “യാത്രാദുരിതം ഉറപ്പാക്കി” റെയില്‍വേ. റെയില്‍വേയുമായുള്ള ഒത്തുകളിയിലൂടെ കൊള്ളലാഭം കൊയ്യുന്നതു കേരളത്തിലെ അന്തര്‍ സംസ്‌ഥാന സ്വകാര്യ ബസ്‌ലോബി. ബംഗളുരു യാത്രയ്‌ക്കു ബസുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നവരുടെ ദുരിതം അവിനാശി ദുരന്തത്തോടെ ചര്‍ച്ചയായിട്ടും അനക്കമില്ലാതെ അധികൃതര്‍.
ബംഗളുരുവിലേക്കും തിരികെയുമുള്ള യാത്രയ്‌ക്കു ട്രെയിന്‍ ടിക്കറ്റ്‌ കിട്ടാക്കനിയാകുന്നതോടെ അധികം പണം നല്‍കി ബസുകളെ ആശ്രയിക്കുന്നവരുടെ യാത്രയാണ്‌ ദുരന്തത്തില്‍ കലാശിക്കുന്നത്‌. കഴിഞ്ഞ ദിവസം 19 ജീവനുകള്‍ പൊലിഞ്ഞ അവിനാശി അപകടത്തോടെ ഏറെത്തിരക്കുള്ള ബംഗളുരു ട്രെയിന്‍യാത്ര വീണ്ടും സജീവ ചര്‍ച്ചയായി. ബംഗളുരുവിലേക്കു കേരളത്തിലൂടെ നാലു പ്രതിദിന ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണു നിലവിലുള്ളത്‌. പാലക്കാട്‌ വഴിയുള്ള ഇന്റര്‍സിറ്റി, യശ്വന്ത്‌പുര്‍, മൈസുരു എക്‌സ്‌പ്രസ്‌, ഐലന്‍ഡ്‌ എക്‌പ്രസ്‌ എന്നിവയ്‌ക്കു പുറമേ ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചിലപ്പോള്‍ പ്രത്യേക ട്രെയിനുകളും സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഇതൊന്നും പക്ഷേ, ഈ റൂട്ടിലെ തിരക്കു കുറയ്‌ക്കാന്‍ പര്യാപ്‌തമല്ലെന്നാണു വര്‍ഷങ്ങളായുള്ള അനുഭവം.
ബംഗളുരുവിന്‌ പുതിയ ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യത്തിന്‌ ഒന്നര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്‌. തിരക്കുമൂലം മിക്കവര്‍ക്കും ട്രെയിന്‍ ടിക്കറ്റ്‌ ലഭിക്കാറില്ല. ഇതു പരിഹരിക്കാന്‍ പകല്‍ കോഴിക്കോട്ടുനിന്നു പാലക്കാടുവഴി ബംഗളുരുവിനു ട്രെയിന്‍ ഓടിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നടപ്പായില്ല. ട്രാക്ക്‌ ഒഴിവില്ലെന്നാണു റെയില്‍വേയുടെ വാദം.
കോട്ടയത്തുനിന്നു ബംഗളുരുവിനു സ്ലീപ്പര്‍ ക്ലാസില്‍ 380 രൂപയും തല്‍ക്കാലിന്‌ 490 രൂപയുമാണു നിരക്ക്‌. 800 രൂപ മുതലാണു കെ.എസ്‌.ആര്‍.ടി.സി. ടിക്കറ്റ്‌ നിരക്ക്‌. ഈ സ്‌ഥാനത്ത്‌ സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്‌ 1200 രൂപ മുതല്‍ മുകളിലേക്കാണ്‌. തിരക്കേറിയ ദിവസങ്ങളില്‍ ഇത്‌ മൂവായിരത്തിനു മുകളിലെത്തും. അന്തര്‍സംസ്‌ഥാന ബസ്‌ ലോബിയുടെ സ്വാധീനമാണു ട്രെയിന്‍ അനുവദിക്കാത്തതിനു പിന്നിലെന്ന്‌ ഈ കണക്കുകള്‍തന്നെ തെളിവ്‌.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ അഞ്ഞൂറോളം ബസുകള്‍ ബംഗളുരുവിനു സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഒന്നര ലക്ഷത്തോളമാണ്‌ ഒരു ബസിന്റെ വരുമാനം. ഇതിന്‍പ്രകാരം രണ്ടു ദിവസത്തെ അന്തര്‍ സംസ്‌ഥാന ബസുകളുടെ കളക്‌ഷന്‍ ഏഴരക്കോടിയോളം രൂപവരും. ടിക്കറ്റ്‌ ചാര്‍ജ്‌ കൂടാതെ സാധനങ്ങള്‍ എത്തിക്കുന്നതിലൂടെ അധികവരുമാനവും ഉണ്ട്‌. ഇത്രയും ശക്‌തമായ ബസ്‌ ലോബിയുടെ സ്വാധീനമാണ്‌ ബംഗളുരുവിന്‌ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാത്തതിനു പിന്നില്‍.