പ്രായപൂര്‍ത്തിയാകാത്തവരുടെ വധശിക്ഷ നിര്‍ത്തലാക്കി സൗദി അറേബ്യ

0 737

പ്രായപൂര്‍ത്തിയാകാത്തവരുടെ വധശിക്ഷ നിര്‍ത്തലാക്കി സൗദി അറേബ്യ

 

റിയാദ് : പ്രായപൂര്‍ത്തിയാകാത്തവരുടെ വധശിക്ഷ സൗദി അറേബ്യ നിര്‍ത്തലാക്കി. സൗദി രാജകുടുംബത്തിന്റെ പരിഷ്കരണത്തിലെ ഈ പുതിയ മാറ്റത്തെക്കുറിച്ച്‌ ഞായറാഴ്ചയാണ് മനുഷ്യാവകാശ കമ്മീഷന്‍ പ്രസ്താവന പുറപ്പെടുവിച്ചത്. വധശിക്ഷയ്ക്ക് പകരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത ജുവനൈല്‍ തടവ് ശിക്ഷയാണ് വിധിക്കുക. ഈ ഉത്തരവിലൂടെ രാജ്യത്ത് ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചെറുപ്പക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിശ്വാസം. രാജ്യത്തെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മേല്‍നോട്ടത്തില്‍ നടന്നു വരുന്ന മനുഷ്യാവകാശ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ഇത്തരം തീരുമാനമെന്ന് അധികൃര്‍ അറിയിച്ചു. കുറ്റകൃത്യങ്ങള്‍ക്ക് നല്‍കിയിരുന്ന ചാട്ടവാറടി ശിക്ഷയും കഴിഞ്ഞ ദിവസം നിര്‍ത്താലാക്കിയിരുന്നു.

 

ചൈനയും ഇറാനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടത്തിയിരുന്ന രാജ്യമായിരുന്നു സൗദി അറേബ്യ. 2019ല്‍ സൗദി അറേബ്യയില്‍ 184 വധശിക്ഷകളാണ് നടന്നത്. തൂക്കിലേറ്റപ്പെട്ട 184 പേരില്‍ ആറ് സ്ത്രീകളും 178 പുരുഷന്മാരും ഉള്‍പ്പെടുന്നു. ഒരു വര്‍ഷം നടന്ന വധശിക്ഷകളില്‍ ഏറ്റവും കൂടിയ കണക്കാണിത്. 2018ല്‍ 149 പേരായിരുന്നു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അഞ്ച് വര്‍ഷത്തിനിടയില്‍ 800 പേരെയാണ് തൂക്കിലേറ്റിയത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 

സൗദി രാജാവ് സല്‍മാന്റെ ഭരണകാലത്താണ് തൂക്കിക്കൊലകളുടെ എണ്ണം ഇരട്ടിയായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2015ലാണ് സല്‍മാന്‍ രാജകുമാരന്‍ അധികാരത്തിലേറുന്നത്.