മൊബൈല്‍ സ്ക്രീനില്‍ തെളിയുന്നു, മാതൃസ്നേഹം

0 1,223

മൊബൈല്‍ സ്ക്രീനില്‍ തെളിയുന്നു, മാതൃസ്നേഹം

മഞ്ചേരി: സ്വന്തം മക്കളെയും ഭര്‍ത്താക്കന്മാരെയും  മാതാപിതാക്കളെയുമെല്ലം കാണാതെ ദിവസങ്ങളായി മുട്ടിപ്പാലത്തെ ഫസ്ഫരി വര്‍ക്കിങ് വിമന്‍ ഹോസ്റ്റലില്‍ കഴിയുന്ന ഒരുകൂട്ടം മാലാഖമാരുണ്ടിവിടെ. ഹോസ്റ്റലിലെ ഹാളില്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സ് കെ.ജംഷീന വീഡിയോ കോളിലൂടെ തന്‍റെ കുട്ടികളുമായി സംസാരിക്കുകയായിരുന്നു. മക്കളെ കാണാതെ കഴിയുന്ന ഒരു അമ്മ‍യുടെ വേദനയെല്ലാം കടിച്ചമര്‍ത്തി അവര്‍ തന്‍റെ പിഞ്ചുമക്കളോട് സംസാരിച്ചു. മൊബൈല്‍ സ്ക്രീനിലൂടെ സ്വന്തം മക്കളുടെ മുഖം തെളിയുമ്പോള്‍ പലരും കണ്ണ് തുടക്കും.
ഇത് ജംഷീനയുടെ മാത്രം അവസ്ഥയല്ല. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാതെ ക്വാറന്‍റീനില്‍ കഴിയുന്ന മഞ്ചേരി മെഡിക്കല്‍ കോളജിലെ 47 നഴ്സുമാരുടെയും സ്ഥിതി സമാനമാണ്. മിക്കവരും കുഞ്ഞുകുട്ടികളുടെ അമ്മമാര്‍. സീനിയര്‍ സ്റ്റാഫ് നഴ്സ് കോട്ടയം പാല സ്വദേശിനി ജോന്‍സി തന്‍റെ ചെറിയ മകനോട് സംസാരിച്ചിട്ട് ദിവസങ്ങളായി. ഇത്തരത്തില്‍ ഓരോരുത്തരും വ്യക്തിജീവിതത്തിലെ സന്തോഷങ്ങള്‍ മാറ്റിവെച്ച്‌ കോവിഡെന്ന യുദ്ധഭൂമിയില്‍ പോരാട്ടം നടത്തുകയാണ്. അതില്‍ വിജയിക്കുമെന്ന് അവര്‍ക്ക് ഉറച്ചവിശ്വാസമുണ്ട്.

നിപ വൈറസ് കാലത്ത് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവര്‍ത്തിച്ച്‌ പരിചയമുള്ള രണ്ടു പേരും തുടക്കക്കാരായ 20 പേരും ഉള്‍പ്പെടെയുള്ള 47 നഴ്‌സുമാരാണ് രാപകല്‍ വിത്യാസമില്ലാതെ ആ ദൗത്യം നിറവേറ്റുന്നത്. നഴ്സുമാര്‍ മാത്രമല്ല മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓരോജീവനക്കാരും ഇതിനായി യാതൊരുഭയവുമില്ലാതെ പൊരുതുകയാണ്. ഓരോ ബാച്ചിലുള്ളവര്‍ക്കും 10 ദിവസമാണ് ഡ്യൂട്ടി. അതുകഴിഞ്ഞ് 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. പിന്നീട് വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിക്കണം. 24 ദിവസം വീട്ടില്‍ പോലും പോകാതെ ജോലി ചെയ്യുകയാണിവര്‍. വീണ്ടും ജോലിയില്‍ പ്രവേശിച്ചാല്‍ അത് 48 ദിവസമാകും.

ഒരു ടീം ക്വാറന്‍റൈയിനില്‍ പ്രവേശിക്കുമ്പോള്‍ മറ്റുള്ളവര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും. പലര്‍ക്കും വീട്ടില്‍ പോകാന്‍ താല്‍പര്യമുണ്ടെങ്കിലും പ്രദേശവാസികള്‍ക്കുണ്ടാകുന്ന അസ്വസ്ഥതയാണ് പലരെയും ഹോസ്റ്റലില്‍ തന്നെ കഴിയാന്‍ പ്രേരിപ്പിച്ചത്. മാലഖമാരെന്ന് വിളിക്കാറുണ്ടെങ്കിലും ചുറ്റുപാടുകള്‍ പലപ്പോഴും എതിരാണെന്നും അവര്‍ പറഞ്ഞു. വീട്ടിലേക്ക് മടങ്ങി മക്കള്‍ക്ക് സ്നേഹചുംബനം നല്‍കാനുള്ള നല്ല നാളേക്കായി കാത്തിരിക്കുകയാണിവര്‍.