ചലച്ചിത്ര മേഖലയ്ക്ക് പ്രത്യേക പാക്കേജ്;സര്‍ക്കാര്‍ സഹായം ലഭിക്കാതെ സിനിമ പ്രദര്‍ശനം തുടങ്ങില്ലെന്ന് തിയറ്റര്‍ ഉടമകള്‍

0 224

ചലച്ചിത്ര മേഖലയ്ക്ക് പ്രത്യേക പാക്കേജ്;സര്‍ക്കാര്‍ സഹായം ലഭിക്കാതെ സിനിമ പ്രദര്‍ശനം തുടങ്ങില്ലെന്ന് തിയറ്റര്‍ ഉടമകള്‍

 

സര്‍ക്കാര്‍ സഹായം ലഭിക്കാതെ സിനിമ പ്രദര്‍ശനം തുടങ്ങില്ലെന്ന് തിയറ്റര്‍ ഉടമകള്‍. ചലച്ചിത്ര മേഖലയ്ക്ക് പ്രത്യേക പാക്കേജ് വേണമെന്നും വിനോദ നികുതിയും പൂട്ടിക്കിടക്കുന്ന സമയത്തെ വൈദ്യുതി ചാര്‍ജും ഒഴിവാക്കണമെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.

കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ 205 ദിവസങ്ങളായി സംസ്ഥാനത്തെ തിയറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. വരുമാനമില്ലാഞ്ഞിട്ടും ഉപകരണങ്ങള്‍ സംരക്ഷിക്കാനും മറ്റുമായി വന്‍ തുക ഇപ്പോഴും ചെലവാകുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പാക്കേജ് അനുവദിക്കാതെ പ്രദര്‍ശനം തുടങ്ങാനാവില്ലെന്നും തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. തിയറ്റര്‍ അടഞ്ഞ് കിടക്കുമ്പോഴും ഏര്‍പ്പെടുത്തിയ വൈദ്യുതി ഫിക്‌സഡ് ചാര്‍ജും ഒരു വര്‍ഷത്തേക്ക് കെട്ടിട നികുതിയും ഒഴിവാക്കണം. കടം എടുത്ത് തിയറ്റര്‍ നവീകരിച്ചവര്‍ക്ക് പലിശ ഇളവ് ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധിക്ക് മുന്‍പ് പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് 25 കോടി രൂപ വിതരണക്കാര്‍ക്ക് നല്‍കാനുണ്ടെന്ന നിര്‍മാതാക്കളുടെ പരാതിക്ക്, 17 കോടി രൂപ തങ്ങള്‍ക്ക് ലഭിക്കാനുണ്ടെന്നാണ് തിയറ്റര്‍ ഉടമകളുടെ മറുപടി. ഒടിടി റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.