ആവശ്യത്തിന് യാത്രക്കാരില്ല; സ്‌പെഷ്യല്‍ ട്രെയിനില്‍ കോച്ചുകള്‍ കുറച്ചു

0 538

തിരുവനന്തപുരം: തിരുവനന്തപുരം-എറണാകുളം സ്‌പെഷ്യല്‍ ട്രെയിനില്‍ ആവശ്യത്തിനു യാത്രക്കാരില്ലാത്ത സാഹചര്യത്തില്‍ കോച്ചുകളുടെ എണ്ണം കുറച്ചു. ഇനി മുതല്‍ ഒരു എസി ചെയര്‍ കാറും 9 സെക്കന്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളുമാണ് ട്രെയിനിലുണ്ടാകുക. മുന്‍പ് 22 കോച്ചുകളാണ് ഉണ്ടായിരുത്. രാവിലെ 5.15ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ 9.45ന് എറണാകുളത്ത് എത്തും. തിരികെ ഉച്ചയ്ക്ക് ഒന്നിനു പുറപ്പെടുന്ന ട്രെയിന്‍ വൈകി’ട്ട് 5.30ന് തിരുവനന്തപുരത്ത് എത്തും. മുന്‍കൂര്‍ റിസര്‍വ് ചെയ്തു മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ.

കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലാണ് കോച്ചുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ ആവശ്യത്തിനു യാത്രക്കാരില്ലാത്തതിനാലാണു കോച്ചുകള്‍ കുറച്ചതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. കേരളത്തിലേക്കുള്ള രാജധാനി, തുരന്തോ, മംഗള, നേത്രാവതി ട്രെയിനുകളിലും യാത്രക്കാര്‍ കുറവാണ്. രണ്ടാഴ്ച കഴിഞ്ഞാല്‍ യാത്രക്കാരുടെ എണ്ണം വീണ്ടും കുറയുമെന്നാണ് ടിക്കറ്റ് റിസര്‍വേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ഹ്രസ്വദൂര സര്‍വീസുകള്‍ ആരംഭിക്കുന്നത് ഉറ്റുനോക്കുകയാണ് സ്ഥിരം യാത്രക്കാര്‍. ഒരു മേഖലയ്ക്കുള്ളില്‍ ഒതുങ്ങുന്ന വിധത്തില്‍ രാവിലെയും വൈകിട്ടും ഹ്രസ്വദൂര സര്‍വീസുകള്‍ നടത്തിയാല്‍ ജോലിക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുമെന്ന് സോണല്‍ റെയില്‍വേ യൂസേഴ്‌സ് കമ്മിറ്റി അംഗം പി.കൃഷ്ണകുമാര്‍ പറഞ്ഞു. 90 മിനിറ്റ് മുന്‍പു സ്റ്റേഷനിലെത്തണമെന്ന നിബന്ധനയും യാത്രക്കാരുടെ എണ്ണം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. സ്വന്തം വാഹനമില്ലാത്തവര്‍ക്കു അതിരാവിലെ സ്റ്റേഷനിലെത്താന്‍ വഴിയില്ലെന്നതാണ് തിരുവനന്തപുരം എറണാകുളം സ്‌പെഷല്‍ ട്രെയിനില്‍ നി്ന്ന് യാത്രക്കാരെ അകറ്റുന്നത്.