ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം- SREE ADUKKATH BAGAVATHY TEMPLE KASARAGOD

SREE ADUKKATH BAGAVATHY TEMPLE

0 1,394

കാസർഗോഡ് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിൽപ്പെട്ട ബേഡകം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ദേവീക്ഷേത്രമാണ് ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം. കാസർഗോഡ്-കാഞ്ഞങ്ങാട് ഹൈവേ റൂട്ടിലെ പൊയിനാച്ചി ജംഗ്ഷനിൽ നിന്നും 15 കിലോമീറ്റർ കിഴക്ക് ബന്തടുക്ക റോഡിലെ വേലക്കുന്ന് ബസ് സ്റ്റോ പ്പിൽ നിന്നും 3 കിലോമീറ്റർ തെക്കു മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വിശാലമായ ഒരു മൈതാനപ്രദേശത്ത് കാട്ടുമരങ്ങളാലും സമൃദ്ധമായ ഒരു കാവ് (കൊച്ചുവനം) കാണാം. ഈ വനത്തിന്റെ നടുവിലായാണ് ക്ഷേത്രം. കാവിൽനിന്നും അല്പം തെക്കുഭാഗ ത്തായി  നിരവധി ആമകൾ ഉള്ള ആമക്കുളവും ഉണ്ട്.

മഹിഷാസുരമർദ്ദിനി ദേവി

മഹിഷാസുരമർദ്ദി‍നിയായിട്ടാണ് ശ്രീ അടുക്കത്ത്‌ ഭഗവതിയുടെ സങ്കൽപം. ശംഖ്, ചക്രം, വില്ല്,  അമ്പ് എന്നീ ദിവ്യായുധങ്ങൾ നാല് തൃക്കൈകളിൽ ധരിച്ച്, കിരീടമണിഞ്ഞ്, ത്രിനേത്രയായി മഹിഷാ സുരന്റെ തലയിൽ ചവിട്ടിനില്ക്കുന്ന രൂപത്തിലുള്ള  ദുർഗ്ഗ യാണ് ഇവിടത്തെ പ്രതിഷ്ഠ.

ദേവിയുടെ ആവിർഭാവ കഥ

പണ്ട് ദേവസുരയുദ്ധത്തിൽ ഇന്ദ്രനെ പരാജയപ്പെടുത്തി മഹിഷാസുരൻ ദേവലോകവും ഇന്ദ്രസിംഹാസനവും കൈയടക്കി വാണു. മഹിഷാസുരന്റെ പരാക്രമണം കാരണം ദേവന്മാരും മുനിമാരും മനുഷ്യരും പൊറുതിമുട്ടി. ദേവന്മാർ ബ്രഹ്മദേവനോട് കൂടി മഹാവിഷ്ണു വിനെയും ശ്രീ പരമേശ്വരനെയും ശരണം പ്രാപിച്ച് കാര്യങ്ങൾ ഗ്രഹിപ്പിച്ചു. മഹിഷാസുരന്റെ പരാക്രമ വൃത്താന്തം കേട്ട് കോപിഷ്ടരായ വിഷ്ണു ശിവന്മാരുടെ മുഖങ്ങളിൽ നിന്നും ഒരു അത്ഭുത തേജസ്സ് ഉദ്ഭൂതമായി. ബ്രഹ്മാവിന്റെയും മറ്റു ദേവന്മാരുടെയും മുഖങ്ങളിൽ നിന്നും വെവ്വേറെ തേജസ്സുകൾ പൊങ്ങിവന്നു. എല്ല തേജസ്സുകളും ഒന്നായി ചേർന്ന് ഒരു സ്‌ത്രീരൂപമായി ആദിപരാശക്തി അവതരിച്ചു. മഹാലക്ഷ്മി എന്നു പേരായ ആ ശക്തി സ്വരൂപിണിക്ക് മഹാവിഷ്ണു ചക്രായുധവും ശ്രീ പരമേശ്വരൻ ത്രിശൂലവും നൽകി. മറ്റു ദേവന്മാരും അവരവരുടെ ആയുധങ്ങൾ ദേവിക്ക് കൊടുത്തു. ഹിമവാൻ വാഹനമായി സിംഹത്തേയും നൽകുകയുണ്ടായി. അനേകം ദിവ്യായുധങ്ങളുമേന്തി സിംഹവാഹനയായി ഘോരരൂപിണി യായി അട്ടഹസിച്ചുകൊണ്ട് ദേവി മഹിഷാസുരനോട് യുദ്ധത്തിന് പുറപ്പെട്ടു. ദേവിയുടെ നിശ്വാസത്തിൽ നിന്നും ഉദ്ഭവിച്ച ഭൂതഗണങ്ങളും യുദ്ധത്തിന് അണിനിരന്നു മഹിഷാസുരനും അസുരന്മാരും അനേകായിരം പടയോടുകൂടി ദേവിയുമായി യുദ്ധം ചെയ്തു. 9 ദിവസം അതിഘോരമായ യുദ്ധം നടന്നു. ദേവിയും ഭൂതഗണങ്ങളും വാഹനമായ സിംഹവും ചേർന്ന് അസുരപ്പടകളെയും അവസാനം മഹിഷാസുരനെയും കൊന്നു വീഴ്ത്തി. യുദ്ധം നടന്ന 9 ദിവസങ്ങളെ നവരാത്രിയായും വിജയം ആഘോഷിച്ച 10-ാം ദിവസത്തെ വിജയദശമിയായും ആഘോഷിച്ചു വരുന്നു. മഹിഷ വധാനന്തരം ഘോരരൂപിണിയായ ദേവി മഹിഷാസുരന്റെ മസ്‌തകത്തിൽ കയറി നിന്നപ്പോൾ ദേവന്മാരും മഹർഷിമാരും ഭക്തരായ മനുഷ്യരും ദേവിയെ വാഴ്ത്തി സ്തുതിച്ചു. സംപ്രീതയായ ദേവി ശാന്തസ്വരൂപിണിയായി കയ്യിൽ ശംഖചക്രങ്ങളും വില്ലും അമ്പും ധരിച്ച് അനുഗ്രഹഭാവത്തിൽ നിലകൊണ്ടു. അങ്ങനെ ദേവിക്ക് മഹർഷിമാർ ബഹുമാനപുരസ്സരം സ്ഥാനം നൽകി ആരാധിച്ച പുണ്യസങ്കേതങ്ങളിൽ ഒന്നാണ് ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം.

ഐതിഹ്യം

ശ്രീ കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, ശ്രീ വേലക്കുന്ന് ശിവക്ഷേത്രം, ശ്രീ അടുക്കത്ത്‌ ഭഗവതി ക്ഷേത്രം, ശ്രീ അരിചെപ്പ് മഹാവിഷ്ണു ക്ഷേത്രം എന്നിവ പുരാതന ഋഷീശ്വരന്മാരാൽ പ്രതിഷ്ഠി ക്കപ്പെട്ട് പരസ്പരം ബന്ധങ്ങലോടുകൂടി ബേഡകം ഗ്രാമത്തിൽ പ്രശോഭിക്കുന്ന ശൈവ-ശാക്ത-വൈഷ്ണവ തേജ സ്സുകളാണ്. കാലത്തിൻറെ ഒഴുക്കിനിടയിൽ മഞ്ഞുപോകാതെ നിലനിൽക്കുന ആധ്യാത്മിക ശ്രോതസ്സുകളാണ് ഈ പുണ്യ ക്ഷേത്രങ്ങൾ.നൂറ്റാണ്ടുകൾക്കു മുമ്പ് ചിറക്കൽ കോലത്തിരി രാജാക്കന്മാരുടെ രാജവാഴ്ചയുടെ കീഴിൽ ‘കവയനാട് സ്വരൂപം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ബേഡകം പ്രദേശവും ഇവിടത്തെ ക്ഷേത്രങ്ങളും “കവയനാട്ടായി രവാൻ”എന്ന സ്ഥാനപ്പെരോടുകൂടിയ ‘മലയാളത്ത് കാമലോൻ’ എന്ന സാമന്തന്മാരുടെ അധീനതയിലായിരുന്നു. ഈ സാമന്തന്മാരുടെ കുലപരദേവതയായിരുന്നു ശ്രീ അടുക്കത്ത്‌ ഭഗവതി. പിന്നീട് ഈ സാമന്ത കുടുംബക്കാർ സന്താനമില്ലാതെ ക്ഷയിക്കാനിടയായ കാലഘട്ടത്തിൽ പ്രസ്തുത ക്ഷേത്രം ‘അടുക്കത്ത്‌ വര്യർ’എന്ന വര്യർ കുടുംബത്തിന്റെ അധീനതയിലായി. സന്താനമില്ലാതെവന്ന സാമന്തകുടുംബക്കാർ വടക്ക് ‘മതക്കത്ത്’ എന്ന സ്ഥലത്തെ ബല്ലാൾ കുടുംബത്തിൽ നിന്നും ഒരു ബല്ലാൾ സ്ത്രീയെ ദത്തെടുക്കുകയുണ്ടായി. അതി ലുണ്ടായ സന്തതി പരമ്പരകൾ നായന്മാരുടെ സമ്പ്രദായം സ്വീകരിച്ച് പലസ്ഥലങ്ങളിലും താമ സിച്ച് തങ്ങളുടെ പൂർവികരുടെ സ്ഥലമായ ബേഡകത്ത് എത്തിച്ചേരുകയും പ്രബലന്മാരായി വാഴുകയും ചെയ്തു. നീണ്ട ഇടവേളയ്ക്കു ശേഷം അടുക്കത്ത്‌ വാര്യർ കുടുംബത്തിൽ നിന്നും ക്ഷേത്രഭരണം ബേഡകം കാമലോൻ വലിയവീട് തറവാട്ടിലേക്ക്‌ തിരിച്ചുവരികയുണ്ടായി.

‘അടുക്ക’ എന്ന് പേരായ ആദിവാസി സ്ത്രീ പുല്ല് വെട്ടാൻ പോയപ്പോൾ ഭഗവതി വിഗ്രഹം കണ്ടെത്തുകയും കാമലോൻ തറവാട്ടിൽ വിവരമറിയിക്കുകയും തുർന്നു അവിടെ ക്ഷേത്ര നിർമ്മാണം നടത്തിയെന്നും അങ്ങനെയാണ് അടുക്കത്ത്‌ ഭഗവതി ക്ഷേത്രം ഉണ്ടായായതെന്നുമുള്ള ഒരു ഐതിഹ്യം വേറെയും ഉണ്ട്.

Address: Molothumkav, Kerala 671541