ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം-SREEKANTESWARAM MAHADEVA TEMPLE THIRUVANANTHAPURAM

SREEKANTESWARAM MAHADEVA TEMPLE THIRUVANANTHAPURAM

0 325

തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. പരബ്രഹ്മസ്വരൂ പനും പരമാത്മാവും മൃത്യുവിജയിയുമായ ഭഗവാൻ ശ്രീ പരമേശ്വരനാണ് ആണ് പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രം തിരുവനന്തപുരത്തെ എസ് എം വി സ്ക്കൂളിന് എതിർവശം സ്ഥിതി ചെയ്യുന്നു

പഴയ ശ്രീകണ്ഠേശ്വരത്തെ ശിവനെ പ്രതിഷ്ഠിച്ചത്  വിഷ്ണുവിന്റെ അവതാരമായ പരശു രാമൻ  ആണെന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ മഹാദേവക്ഷേത്രം കൈതമുക്കിലാണ് സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂർ രാജകുടുംബ ത്തിന്റെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം, ഇപ്പോൾ തിരുവി താംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

ഐതിഹ്യം

കണ്വ മഹർഷിയുടെ തപോഭൂമി ആയിരുന്നു പഴയ ശ്രീക ണ്ഠേശ്വരവും ചെട്ടികുളങ്ങരയും എന്നാണ് വിശ്വാസം. കൂടാതെ ഇവിടവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ മറ്റൊരു കഥയുമുണ്ട്.

വഞ്ചിയൂർ അത്തിയറ മഠത്തിലെ തപസ്വിയായ ഒരു പോറ്റി പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ജപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ക്ഷേത്രക്കുളത്തിൽ യുവാവും തേജസ്വിയുമായ ഒരു യാദവ രാജകുമാരൻ ഒരു ശൂദ്രതരുണിയുമായി ജലക്രീഡ ആരംഭിച്ചു. പിന്നീട് അവളുടെ ആഗ്രഹത്തിന് എതിരായി അവളെയും ചുമലിലേറ്റി രാജകുമാരൻ ക്ഷേത്രത്തിനുള്ളിൽ കടന്നു സംഭോഗത്തിന് മുതിർന്നു. തരുണിയുടെ ദീനരോദനം കേട്ട് അത്തിയറപ്പോറ്റി അവളുടെ സഹായത്തിന് എത്തുകയും രാജകുമാരനെ ശപിക്കുകയും ചെയ്തു. രാജകുമാരന്റെ അരയ്ക്കു കീഴ്‌പോട്ടു കുതിരയുടെ ഉടൽ ആകട്ടെ എന്നും അദ്ദേഹം അനവധി വർഷങ്ങൾ അടിമയായി പോകട്ടെ എന്നും ആയിരുന്നു പോറ്റിയുടെ ശാപം. രാജകുമാരൻ പോറ്റിയുടെ പാദങ്ങളിൽ വീണ് മാപ്പിരന്നു. രാജകുമാരൻ പുതിയ രൂപത്തിൽ പത്തു വർഷം ജീവിക്കുമെന്നും ആദ്യ ഒൻപതു വർഷം അടിമത്തം അനുഭവിച്ച ശേഷം പത്താമത്തെ വർഷം ശ്രീകണ്ഠേശ്വര കൃപയാൽ മോക്ഷം പ്രാപിക്കുമെന്നും മഹാബ്രാഹ്മണൻ അരുളിച്ചെയ്തു.

നാലു കാലുള്ള കുതിരയുടെ ഉടലും കുതിരയുടെ കഴുത്തിന്റെ സ്ഥാനത്ത് രാജകുമാരന്റെ അരയ്ക്കു മേലോട്ടുള്ള ശരീരവും – ഇതായിരുന്നു ശാപത്തിന് ശേഷമുള്ള രൂപം. ഈ രൂപവും അതിസുന്ദരം തന്നെ ആയിരുന്നു. എങ്കിലും ഹൃദയം തകർന്ന അദ്ദേഹം കൊട്ടാരത്തിലേക്കു മടങ്ങില്ലെന്ന് ശപഥം ചെയ്തു. അദ്ദേഹത്തിന്റെ പുതിയ രൂപം കണ്ട മാത്രയിൽ തന്നെ തരുണി പ്രണയാതുരയായി.

രാജകുമാരൻ തരുണിയുടെ സഹോദരനെക്കണ്ട് അവളെ വിവാഹം ചെയ്യാനുള്ള അനുവാദം ചോദിച്ചു. എന്നാൽ രാജകുമാരൻ തന്റെ അടിമയാകുമെങ്കിൽ മാത്രം വിവാഹം അനുവദിക്കാമെന്നായി സഹോദരൻ. രാജകുമാരൻ അതു സമ്മതിച്ചു. വിവാഹം നടന്നു. അതോടെ അവളുടെയും അവളുടെ സഹോദരന്റെയും പൂർണ്ണ നിയന്ത്രണത്തിലായി രാജകുമാരൻ. അടിമയായ രാജകുമാരനെ നിരന്തരം ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു അദ്ദേഹത്തിന്റെ യജമാനൻ. ജീവിതത്തിൽ കൂടുതൽ കൂടുതൽ വിരക്തനായി തീർന്ന രാജകുമാരൻ ശിവ ഭക്‌തിയിൽ ദുഃഖങ്ങൾ മറന്നു. ഒടുവിൽ പത്താമാണ്ടായപ്പോൾ യജമാനന് മനംമാറ്റം ഉണ്ടാകുകയും രാജകുമാരനെ ദാസ്യത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.

രാജകുമാരൻ അത്തിയറപ്പോറ്റിയെ കണ്ടെത്തി അനുഗ്രഹം വാങ്ങി. അത്തിയറപ്പോറ്റി രാജകുമാരനെ ശിഷ്യനായി സ്വീകരിച്ചു. രാജകുമാരൻ ശ്രീകണ്ഠേശ്വരനെ കാമേശ്വര ഭാവത്തിൽ ഉപാസിച്ചു. അദ്ദേഹത്തിന്റെ ഭക്തിയിൽ പ്രസാദിച്ച ശ്രീകാമേശ്വരൻ ലളിതാദേവിയോടൊപ്പം അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷനായി മോക്ഷം നൽകി അനുഗ്രഹിച്ചു.

ഏകദേശം 700 വർഷങ്ങൾക്കുമുൻപ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു. ഒരു ദിവസം രാവിലെ ജോലി ചെയ്യാനായി കലമെടുക്കാൻ ശ്രമിച്ചപ്പോൾ അത് എടുക്കാൻ കഴിഞ്ഞില്ല. വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ അടിയിലുണ്ടായിരുന്ന കല്ലിൽ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗരൂപമായിരുന്നു. സ്ത്രീ കണ്ട ഈശ്വര നായതിനാൽ ശ്രീകണ്ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠസ്ഥിതനായ ശിവന്റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം.

ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിലാണു പഴയ ശ്രീകണ്ഠേശ്വരത്തിനു പ്രാധാന്യം നഷ്ടമായത്. 1729 ൽ ശ്രീ അനിഴം തിരുനാൾ മാർത്താ ണ്ഡവർമ്മ സിംഹാസനാരോഹണം ചെയ്തു. ഒരിക്കൽ അദ്ദേഹം കൊല്ലത്തു പോയ തക്കം നോക്കി നാടുനീങ്ങിയ രാമവർമ്മ മഹാരാജാവിന്റെ മകൻ ശ്രീ പദ്മനാഭൻ തമ്പി വേണാടിന്റെ തലസ്ഥാനമായ കൽക്കുളത്തിന്റെ ഭരണം പിടിച്ചെടുത്തു. എന്നിട്ടു ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്വത്തുക്കൾ കൈക്കലാക്കാനായി തമ്പി കുതിരപ്പടയുമായി തിരുവനന്തപുരത്തേയ്ക്കു തിരിച്ചു. തമ്പി ശ്രീവരാഹത്തു താമസിച്ചപ്പോൾ കുതിരപ്പട പഴയ ശ്രീക ണ്ഠേശ്വരത്തിനു സമീപമുള്ള കുതിരവട്ടത്താണു നിലയുറപ്പിച്ചത്. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു ലഭിക്കേണ്ട പാട്ടക്കുടിശ്ശിക പിരിച്ചെടുത്തു സ്വന്തമാക്കാൻ തമ്പി ശ്രമിച്ചെങ്കിലും പള്ളിച്ചൽ പിള്ളയുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പു മൂലം അതു നടന്നില്ല. രാജശത്രുവിന്റെ സൈന്യത്തിനു പഴയ ശ്രീകണ്ഠേ ശ്വരത്തിനു സമീപം നിലയുറപ്പിക്കാൻ സാധിച്ചതോടെയാണു പഴയ ശ്രീകണ്ഠേശ്വരത്തിന്റെ പ്രതാപം മങ്ങാൻ തുടങ്ങിയതത്രേ.

കോവിലുവിള എന്ന പുരാതനമായ നായർ കുടുംബത്തിൻറെ കാരണവരായിരുന്നു പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ ഊരാളൻ. പിന്നീടു ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു.

വിശേഷങ്ങൾ

ഉത്സവം

ധനു മാസത്തിലാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നത്. തിരുവാതിര ദിവസമാണ് ആറാട്ട്. ധനുവിലെ പൂത്തിരുവാതിര മഹോത്സവം ചേർന്നുള്ളതാണ് ഉത്സവം.

ശിവരാത്രി

കുംഭമാസത്തിലെ കറുത്ത ചതുർദ്ദശിദിവസമായ ശിവരാത്രി നാളിൽ 24 മണിക്കൂറും ക്ഷീരധാരയുണ്ട്. ഉച്ചയ്ക്ക് തോരൻ, പരിപ്പ്, മോര്, ശർക്കരപായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി, എന്നിവയാണ് നിവേദ്യങ്ങൾ. ഇത് എട്ടു കുഴിയുളള കിണ്ണത്തിലാണ് നിവേദിക്കുന്നത്.

ഉപദേവന്മാർ

  • അയ്യപ്പൻ
  • ഗണപതി
  • ശ്രീകൃഷ്ണൻ
  • നാഗരാജാവ്
  • ഹനുമാൻ
  • സുബ്രഹ്മണ്യൻ
  • കളരി ഭഗവതി
  • ഭൂതത്താൻ(യക്ഷിയാണെന്ന് മറ്റൊരു പക്ഷം)

ക്ഷേത്ര തന്ത്രി പരമ്പര

അത്തിയറമഠത്തിലെ പോറ്റിമാർക്കാണ് ഇവിടെ തന്ത്രം. തുളു ബ്രാഹ്മണരാണ് ഇപ്പോൾ ഇവിടെ നിത്യ ശാന്തികർമ്മങ്ങൾ ചെയ്യുന്നത്. മലയാള തന്ത്രവിധിപ്രകാരമനുസരിച്ചാണ് അവരിത് അനുഷ്ഠിക്കുന്നതെന്ന് ഒരു പ്രത്യേകതയാണ്.

ക്ഷേത്രഭരണം

ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനു മുൻപ് ഈ ക്ഷേത്രം തിരുവിതാംകൂർ മഹാരാജാവിന്റെ മേൽനോട്ടത്തിലായിരുന്നു. രാജഭരണക്കാലത്ത് വൈക്കത്തഷ്ടമി, ധനു മാസത്തിലെ തിരുവാതിര, ശിവരാത്രി എന്നീ ദിവസങ്ങളിൽ തിരുവിതാംകൂർ മഹാരാജാവ്  ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമായിരുന്നു. വിശ്വവിശ്രുതനായ സ്വാതി തിരുനാൾ മഹാരാജാവ് ശ്രീകണ്ഠേശ്വരന്റെ മഹാഭക്തനായിരുന്നു.