കൈകുഞ്ഞുമായി കൊറോണ ഡ്യൂട്ടിയിൽ; നിങ്ങളാണ് താരം ശ്രീജന ഐഎഎസ്

0 814

കൈകുഞ്ഞുമായി കൊറോണ ഡ്യൂട്ടിയിൽ; നിങ്ങളാണ് താരം ശ്രീജന ഐഎഎസ്

മഹാവിപത്തിന്റെ ഈ കാലവും കടന്നു പോകും. അതിജീവനം അത്ര വിദുരത്തിലുമല്ല. കൈ–മെയ്യ് മറന്ന് കർമനിരതരായ ചിലരെ ഇക്കാലം കഴിഞ്ഞാലും നമുക്ക് മറക്കാനാകില്ല. അക്കൂട്ടത്തിൽ ഒരാളാണ് വിശാഖപട്ടണം കമ്മിഷണർ ജി. ശ്രീജന ഐഎഎസ്. കൊറോണ വൈറസിനെതിരെ മുൻനിരയിൽ നിന്നു പോരാടുന്ന ഒരാളാണ് അവർ.
പ്രസവത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപു വരെ ജോലിയില്‍ തുടർന്ന വ്യക്തിയാണ് ശ്രീജന. ഇപ്പോൾ കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്. പ്രസവം കഴിഞ്ഞ് 22 ദിവസം മാത്രമേ ആയിട്ടുള്ളൂ. കോവിഡ്–19 ബാധയെ തുടർന്ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ഏതാനു ദിവസം മുൻപാണ് ശ്രിജന ആൺകുഞ്ഞിനു ജന്മം നൽകിയത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒരുമാസത്തെ പ്രസവാവധിക്കു ശേഷം ജോലിയില്‍ പ്രവേശിച്ചു.
എങ്ങനെയാണ് ജോലിസമയത്ത് കൈക്കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയുന്നതെന്ന ചോദ്യത്തിന് ഭർത്താവും അമ്മയും സഹായിക്കുന്നു എന്നാണ് ശ്രീജനയുടെ മറുപടി. ജോലിക്കിടയിലും നാലു മണിക്കൂർ കൂടുമ്പോൾ വീട്ടിൽ പോയി കുഞ്ഞിനെ മുലയൂട്ടും. വീട്ടിൽ നിന്നും മാറിനിൽക്കുന്ന സമയത്ത് ഭർത്താവും അമ്മയും കുഞ്ഞിനെ സംരക്ഷിക്കുമെന്നും ശ്രിജന പറയുന്നു. ഉദ്യോഗസ്ഥരുടെ സേവനം ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്നും അതിനാൽ കഴിയുന്ന രീതിയിൽ ജോലിയിൽ തിരികെ പ്രവേശിക്കുകയായിരുന്നു എന്നും ശ്രീജന വ്യക്തമാക്കി.

‘സാനിറ്ററി ജോലികൾ നടക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. സാമ്പത്തികമായും മറ്റും പിന്നോക്കം നിൽക്കുന്നവര്‍ക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കണം. വിശാഖപട്ടണത്തിലെ വൈറസ് ബാധ സംബന്ധിച്ച കാര്യങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് ഏകോപിപ്പിക്കണം. ഇതെല്ലാം എന്റെ ജോലിയാണ്. അത്യാവശ്യ ഘട്ടത്തിൽ ജനങ്ങളെ സേവിക്കേണ്ടത് എന്റെ കടമയാണ്. ഉത്തരവാദിത്തം നിറവേറ്റാൻ കുടുംബത്തിന്റെ പൂർണ പിന്തുണയും എനിക്കു ലഭിക്കുന്നുണ്ട്.’– ശ്രിജന വ്യക്തമാക്കി.