പാട്ടും നൃത്തവുമായി ശ്രീനാഥ് ഭാസി, ഒപ്പം സൗബിനും; ഭീഷ്മ പർവ്വത്തിലെ ‘പറുദീസ’ എത്തി

0 1,017

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഭീഷ്മ പര്‍വത്തിലെ ആദ്യ ഗാനം പുറത്ത്. പറുദീസ എന്ന ഗാനത്തിന്‍റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നടന്‍ ശ്രീനാഥ് ഭാസിയാണ് ഗാനം പാടി അഭിനയിച്ചിരിക്കുന്നത്. നൃത്തച്ചുവടുകളുമായി സൗബിന്‍ ഷാഹിര്‍, ശ്രിന്ദ തുടങ്ങിയ താരങ്ങളും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

 

വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് പറുദീസ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

ബി​ഗ് ബി എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്ന ഭീഷ്മ പര്‍വം 2022 ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ടീസര്‍ വന്‍ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകന്‍.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ഭീഷ്മ പര്‍വ്വത്തില്‍ അണിനിരക്കുന്നത്. മാര്‍ച്ച് മൂന്നിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.