തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ചൊവ്വാഴ്ച തുടങ്ങും. 2945 പരീക്ഷാകേന്ദ്രങ്ങളിലായി 4,22,450 വിദ്യാര്‍ഥികള്‍ ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതും. 2033 പരീക്ഷാകേന്ദ്രത്തിലായി 4,52,572 വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷയും. രണ്ട് പരീക്ഷകളും 26ന് അവസാനിക്കും.
ചോദ്യപേപ്പറുകള്‍ ജില്ലകളില്‍ എത്തിച്ചു. എസ്എസ്എല്‍സി ചോദ്യ പേപ്പറുകള്‍ ട്രഷറിയിലും ബാങ്ക് ലോക്കറിലുമാണ് സൂക്ഷിക്കുക. പരീക്ഷാദിവസം രാവിലെ കേന്ദ്രങ്ങളില്‍ എത്തിക്കും. ഹയര്‍സെക്കന്‍ഡറി ചോദ്യ പേപ്പറുകള്‍ പൊലീസ് കാവലില്‍ സ്കൂളുകളില്‍ സൂക്ഷിക്കും.
എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതില്‍ 2,16,067 ആണ്‍കുട്ടികളും 2,06,383 പെണ്‍കുട്ടികളുമുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ 1,38,457ഉം എയ്ഡഡ് സ്കൂളുകളില്‍ 2,53,539ഉം അണ് എയ്ഡഡ് സ്കൂളുകളില്‍ 30,454ഉം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയര്‍സെക്കന്‍ഡറിയില്‍ 3,77,322 (സ്കൂള്‍ ഗോയിങ്), 50,890 (ഓപ്പണ്‍ സ്കൂള്‍), 1229 (ടെക്നിക്കല്‍) പേര് എഴുതുന്നു. 1,80,352 ആണ്‍കുട്ടികളും 1,97,970 പെണ്‍കുട്ടികളുമാണ്. എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിച്ച് 23ന് അവസാനിക്കും. നാല് മേഖലകളിലായാണ് മൂല്യനിര്‍ണയം. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നിന് ആരംഭിക്കും.