എസ്‌എസ്‌എല്‍സി: ‘എ’ ഗ്രേഡുള്ള ലിറ്റില്‍കൈറ്റ്‌സ് അംഗങ്ങള്‍ക്ക് അഞ്ചു ശതമാനം ഗ്രേസ്മാര്‍ക്ക്
തിരുവനന്തപുരം: കൈറ്റ്‌സിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്‌സ്’ ഐ.ടി. ക്ലബ്ബുകളിലെ ‘എ’ ഗ്രേഡ് നേടിയ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഹൈടെക് സ്‌കൂളുകളിലെ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സ്‌കൂളിലെ മറ്റു കുട്ടികള്‍ക്കൊപ്പം പൊതുസമൂഹത്തിനും സാങ്കേതികവിദ്യാ പരിശീലനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ‘ലിറ്റില്‍ കൈറ്റ്‌സ്’ ക്ലബ്ബിലെ കുട്ടികളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സര്‍ക്കാര്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു.
പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്ക് ഇലക്‌ട്രോണിക്‌സ്, അനിമേഷന്‍, ഭാഷാ കമ്ബ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു പദ്ധതിയ്ക്ക് ആദ്യമായാണ് സര്‍ക്കാര്‍ ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്തുന്നത്.
ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയിലെ പരിശീലനങ്ങളിലെ പങ്കാളിത്തം, അസൈന്‍മെന്റ് പൂര്‍ത്തീകരണം, ഹാജര്‍നില, പ്രത്യേക മൂല്യ നിര്‍ണയം എന്നിവയ്ക്ക് ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും എ, ബി, സി ഗ്രേഡിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയതായി കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.