മാതൃക പ്രവർത്തനവുമായി കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ‘കൂടുംതേടി.” പദ്ധതി ഉദ്ഘാടനം ചെയ്തു

0 596

മാതൃക പ്രവർത്തനവുമായി കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ‘കൂടുംതേടി ” പദ്ധതി ഉദ്ഘാടനം ചെയ്തു

കേളകം: കുട്ടിയേയും കുടുംബത്തേയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും വീട് സന്ദര്‍ശിക്കുന്ന കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ”കൂടുംതേടി” പദ്ധതിയുടെ ഉദ്ഘാടനം കേളകം പഞ്ചായത്ത് പ്രസിഡന്‍റ് മൈഥിലി രമണന്‍ നിര്‍വ്വഹിച്ചു. അഡ്മിഷന്‍ അവസാനിക്കുകയും അധ്യയനം ഓണ്‍ലൈന്‍ ആകുകയും ചെയ്ത സാഹചര്യത്തിലാണ് കുട്ടിയേയും അവരുടെ കുടുംബ സാഹചര്യങ്ങളേയും അടുത്തറിയാന്‍ അദ്ധ്യാപകര്‍ കുട്ടികളുടെ വീടുകളിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ ക്ളാസുകളുടെ അനുബന്ധമായി വാട്സാപ്പ് ഗ്രൂപ്പിലുടെ പഠനവും അനുബന്ധ പ്രവര്‍ത്തനങ്ങളും ചെയ്യുന്നതിനിടയിലാണ് അദ്ധ്യാപകര്‍ വീടുകളിലെത്തുന്നതും പഠനകാര്യങ്ങള്‍ വിലയിരുത്തുന്നതും. ഗൃഹസന്ദര്‍ശനത്തോടൊപ്പം അദ്ധ്യാപകര്‍ കുട്ടിയുടെ സാമൂഹിക സാമ്പത്തിക അവസ്ഥകൂടി മനസിലാക്കുന്നു.ഇതുവഴി കുട്ടിയുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സാധിക്കുന്നതോടൊപ്പം കുടുബാന്തരീക്ഷവും മറ്റ് സാഹചര്യങ്ങളും മനസിലാക്കാന്‍ സാധിക്കുന്നു.പഠനത്തോടൊപ്പം കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുക, അതിലൂടെ സാമ്പത്തിക പിന്തുണ, സവിശേഷ സഹായം ആവശ്യമുള്ളവരെ കണ്ടെത്തുക തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് ഇതുവഴി നടപ്പാക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് സ്കൂള്‍ അധികൃതര്‍ അറിയീച്ചു. സ്കൂളിലെ മുഴുവൻ സ്റ്റാഫിന്റേയും സാന്നിധ്യത്തിൽ മാസ്റ്റർ ആൽബർട്ടിന്റെ വീട്ടിൽ വെച്ച് നടന്ന പരിപാടിയിൽ സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര, പിടിഎ പ്രസിഡന്‍റ് എസ് ടി രാജേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ശാന്ത രാമചന്ദ്രൻ, പ്രിന്‍സിപ്പാള്‍ എന്‍ ഐ ഗീവര്‍ഗീസ്, ഹെഡ്മാസ്റ്റര്‍ എം വി മാത്യു, ഫാ. എല്‍ദോ ജോണ്‍ എന്നിവർ സംസാരിച്ചു.