പേട്ടയിൽ മകളുടെ സുഹൃത്തിനെ വീട്ടിനുള്ളിൽ കുത്തിക്കൊന്ന സംഭവം; പ്രതി സൈമണ്‍ ലാലയുടെ ജാമ്യഹര്‍ജി തള്ളി

0 873

പേട്ടയിൽ മകളുടെ സുഹൃത്തിനെ വീട്ടിനുള്ളിൽ വച്ച് കുത്തികൊന്ന സൈമണ്‍ ലാലയുടെ (Simon Lala) ജാമ്യഹര്‍ജി (Bail Petition) തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. പേട്ട ചായക്കുടി ലൈനിലെ വീട്ടിൽ വച്ചാണ് 19 കാരനായ അനീഷ് ജോർജ്ജിനെ സുഹൃത്തിൻെറ അച്ഛൻ സൈമണ്‍ ലാല ഡിസംബര്‍ 31 ന് കൊലപ്പെടുത്തിയത്. കള്ളനാണെന്ന് കരുതി അബദ്ധത്തിൽ കുത്തിയെന്നായിരുന്നു സൈമണ്‍ ലാലയുടെ ആദ്യ മൊഴി.

പിന്നീട് വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കൃത്യമായ ആസൂത്രത്തോടെയാണ് കൊലപാതകം ചെയ്തതെന്ന് സൈമണ്‍ പൊലീസിനോട് സമ്മതിച്ചു. മകളെ കാണാൻ അനീഷ് ജോർജ്ജ് വീട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം സൈമണുണ്ടായിരുന്നു. കൊലനടന്നതിന് ദിവസങ്ങള്‍ക്കു മുമ്പേ ജാഗ്രതയോടെ സൈമണ്‍ കാത്തിരുന്നു. അനീഷ് വീട്ടിനുള്ളിൽ പ്രവേശിച്ചിട്ടണ്ടെന്ന് വ്യക്തമായതോടെ കരുതിവച്ചിരുന്ന കത്തിയെടുത്ത് മകളുടെ മുറിയിൽ കയറി കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കുത്താനുപയോഗിച്ച കത്തി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.