‘പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നു, ഗുണ്ടായിസം കാണിച്ച് എന്നെ പേടിപ്പിക്കാൻ കഴിയില്ല, ഒരുവാക്ക് പോലും ഡിലീറ്റ് ചെയ്യില്ല’; അനിൽ കെ ആന്റണി

0 392

ന്യൂഡൽഹി: കോൺഗ്രസിൽ നിന്നു തന്നെ സൈബർ ആക്രമണം നേരിടേണ്ടി വന്നെന്ന് അനിൽ കെ ആന്റണി. പല കാര്യങ്ങളും വേദനജനകമായി തോന്നിയെന്നും അനിൽ  പറഞ്ഞു. ‘അവരെക്കുറിച്ചെല്ലാം തനിക്ക് കൃത്യമായി അറിയാം. ഗുണ്ടായിസം കാണിച്ച് എന്നെ പേടിപ്പിക്കാൻ കഴിയില്ല. ഞാൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്. അതിൽ നിന്ന് പിന്നോട്ടില്ല. പലരും എന്നെ ഭീഷണിപ്പെടുത്തി. തിരുത്തണമെന്നും ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്നും പലരും ആവശ്യപ്പെട്ടു  അനിൽ പറഞ്ഞു.

‘ബിബിസി ഡോക്യുമെന്ററി എവിടെ നിന്ന് വന്നുഎന്ന് പരിശോധിക്കണം. ഇതിന്റെ പിന്നിലെ കാര്യം അറിയാതെ നൽകരുതെന്നാണ് താൻ പറഞ്ഞത്. ഇത്രയും കാലം കോൺഗ്രസ് നേതാക്കൾ പറയുന്നത് ഞാൻ കേട്ടു. ഇനി ഞാൻ പറയുന്നത് അവർ കേൾക്കെട്ടെയെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങൾ എല്ലാവരും ഡോക്യുമെന്ററി കാണണമെന്നാണ് എന്റെയും ആഗ്രഹം. ഇവർക്ക് താൽപര്യമില്ലാത്ത ഒരു ട്വീറ്റോ പരാമർശമോ കണ്ടാൽ സൈബർ ആക്രമണം നടത്തി ഗുണ്ടായിസം കാട്ടി പേടിപ്പിച്ചോ അസഭ്യം പറഞ്ഞോ എന്നെ മാറ്റാമെന്ന് ആർക്കെങ്കിലും എന്തെങ്കിലും മിഥ്യാബോധമുണ്ടെങ്കിൽ അത് ഇന്നത്തോടെ തീരണമെന്നും’ അദ്ദേഹം പറഞ്ഞു.

‘2017 ൽ പാർട്ടിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നത് വളരെ രാഷ്ട്രീയ പശ്ചാത്തലമുള്ള,സംസ്‌കാരമുള്ള മഹാന്മാരായ നേതാക്കളോടൊപ്പമാണ്. അതിൽ നിന്ന് കോൺഗ്രസ് ഇങ്ങനെയുള്ള സംസ്‌കാരത്തിലേക്ക് പോയതിൽ ദുഃഖമുണ്ട്.ഇന്നലെ ഇവർ 15 മണിക്കൂർ എനിക്ക് നേരെ വന്ന സൈബർ ആക്രമണം എവിടെ നിന്ന് വന്നു എന്ന് എനിക്ക് വളരെ കൃത്യമായി അറിയാം. ഇതുപോലുള്ള സംസ്‌കാര ശൂന്യരായ ആൾക്കാരുടെ കൂടാരത്തിൽ എനിക്ക് പ്രവർത്തിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് ഞാൻ രാജിവെച്ചു പോകുന്നത്’..അനിൽ പറഞ്ഞു.

‘പിതാവ് എ.കെ ആന്റണിയുമായി രാജിക്കാര്യം സംസാരിച്ചിട്ടില്ല. ഇത് എന്റെ മനസാക്ഷിക്കനുസരിച്ച് എടുത്ത തീരുമാനമാണ്. കഴിഞ്ഞ 12 വർഷമായി ലോകത്തിലെ പല രാജ്യത്തും ഏറ്റവും ഉയർന്ന രീതിയിൽ സൈബർ ഡിജിറ്റൽമേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. ആ കരിയറിൽ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും’ അദ്ദേഹം പറഞ്ഞു.